ലോക്‌സഭാ തെരഞ്ഞെടുപ്പ്; പെയ്ഡ് ന്യൂസ് പരിശോധന കര്‍ശനമാക്കും

  • Post category:news
  • Reading time:1 min read
You are currently viewing ലോക്‌സഭാ തെരഞ്ഞെടുപ്പ്; പെയ്ഡ് ന്യൂസ് പരിശോധന കര്‍ശനമാക്കും

കാസർകോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിനു പണമോ ആനുകൂല്യങ്ങളോ കൈപ്പറ്റി മാധ്യമങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും വോട്ടര്‍മാരെ സ്വാധീനിക്കുകയും ചെയ്യുന്ന പെയ്ഡ് ന്യൂസിനെതിരെ നിരീക്ഷണം കര്‍ശനമാക്കാന്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിട്ടറിംഗ് കമ്മിറ്റി(എം.സി.എം.സി) യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള നിയന്ത്രണത്തെ മറികടക്കാനുള്ള രഹസ്യമാര്‍ഗമായി പെയ്ഡ് ന്യൂസ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുന്നതിനും വാര്‍ത്തയ്ക്ക് വേണ്ടിവന്ന ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ ചെലവില്‍ ഉള്‍പ്പെടുത്തുന്നതിനും നടപടി സ്വീകരിക്കും.

കന്നഡ ഭാഷയില്‍ പ്രാവീണ്യമുള്ള ഒരു വിരമിച്ച ഉദ്യോഗസ്ഥനെക്കൂടി സമിതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ടെലിവിഷന്‍, റേഡിയോ, സാമൂഹിക മാധ്യമങ്ങള്‍, ബള്‍ക്ക് എസ്.എം.എസുകള്‍ തുടങ്ങിയവ പരിശോധിക്കും. യോഗത്തില്‍ ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. കാസര്‍കോട് ആര്‍.ഡി.ഒ പി.അബ്ദു സമദ്, മെമ്പര്‍ സെക്രട്ടറി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍, ജില്ലാ ലോ ഓഫീസര്‍ കെ.പി ഉണ്ണിക്കൃഷ്ണന്‍, എന്‍ഐസി ജില്ലാ ഓഫീസര്‍ കെ.രാജന്‍, കമ്മിറ്റിയിലെ സ്വതന്ത്ര അംഗം ജി.ബി വത്സന്‍, അസിസ്റ്റന്റ് ഡിറ്റര്‍ റഷീദ്ബാബു എന്നിവര്‍ പങ്കെടുത്തു.

0Shares