
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സിനിമാ കായിക രംഗത്തെ പ്രമുഖരുടെ പിന്തുണ തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യം തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുമ്പോള്‍ വോട്ട് ചെയ്യേണ്ടതിന്‍റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കണമെന്നാണ് മോദിയുടെ ആവശ്യം.

സോഷ്യല്‍ മീഡിയയിലെ തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് മോദിയുടെ അഭ്യര്‍ത്ഥന. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരുഖ്ഖാന്‍, കരണ്‍ ജോഹര്‍, എന്നിവര്‍ക്ക് പുറമേ മോഹന്‍ലാല്‍, നാഗാര്‍ജ്ജുന എന്നീ താരങ്ങളെ വിവിധ ട്വീറ്റുകളിലായി ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അമിതാഭ് ബച്ചന്‍, ഷാരുഖ്ഖാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത ‘കഭി ഖുഷി കഭി ഗം’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിലെ പ്രമുഖ ഡയലോഗില്‍ മാറ്റം വരുത്തിയാണ് മറ്റൊരു പോസ്റ്റ് മോദി പങ്ക് വെച്ചിരിക്കുന്നത്.
‘വര്‍ഷങ്ങളായി നിങ്ങളുടെ പ്രകടനം രാജ്യത്തെ ലക്ഷക്കണക്കിന് പ്രേക്ഷകരെ രസിപ്പിക്കുകയും നിരവധി പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തു. ജനാധിപത്യത്തില്‍ വോട്ടവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ നിങ്ങളുടെ സഹകരണം ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഊര്‍ജസ്വലമായ ജനാധിപത്യമായിരിക്കും അതിനുള്ള പുരസ്‌കാരം.’ മോഹന്‍ലാലിനെയും നാഗാര്‍ജ്ജുനയെയും ടാഗ് ചെയ്ത പോസ്റ്റില്‍ മോദി കുറിച്ചു.
