
കാസര്‍കോട്: മുഖാവരണം അണിഞ്ഞു വരുന്ന സ്ത്രീവോട്ടറെ തിരിച്ചറിയുന്നതിനുള്ള മുഖ പരിശോധന നിര്‍ബന്ധമായതിനാല്‍ ജില്ലയില്‍ ഇതിനായി പ്രത്യേകം വനിതാ ജീവനക്കാരെ നിയോഗിക്കുന്നതിനു തീരുമാനിച്ചിട്ടുണ്ടെന്നു ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പറഞ്ഞു. നിര്‍ഭയവും സ്വതന്ത്രവും സുതാര്യവുമായ വോട്ടെടുപ്പില്‍ കൂടുതല്‍ സ്ത്രീകള്‍ പങ്കാളികളാകണമെന്നു ജില്ലാ കളക്ടര്‍ പറഞ്ഞു.

2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സ്ത്രീ വോട്ടര്‍മാരുടെ പോളിംഗ് ശതമാനം ഏറ്റവും കുറഞ്ഞ നിയമസഭാ മണ്ഡലം കാസര്‍കോടാണ്. മഞ്ചേശ്വരം മണ്ഡലത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മണ്ഡലങ്ങളില്‍ വനിതാ വോട്ടര്‍മാരുടെ പോളിംഗ് ശതമാനം വര്‍ധിക്കുന്നതിനു നടപടി സ്വീകരിക്കും.
