ലോക്സഭാ തെരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തെരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി കേരളത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി

കോട്ടയം: നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തിയാണ് സാധ്യതാ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നിലവില്‍ ഓരോ മണ്ഡലത്തിലും രണ്ടുപേര്‍ വീതമുള്ള പട്ടികയാണ് തയ്യറാക്കിയിരിക്കുന്നത്. ഈ പട്ടിക കേന്ദ്രപാര്‍ലമെന്ററി ബോര്‍ഡിന് സമര്‍പ്പിച്ചു.

അതേസമയം തന്നെ, ബി.ഡി.ജെ.എസ്. നേതാവ് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമാകാത്തത് ഇപ്പോള്‍ തയ്യാറാക്കിയ അന്തിമപട്ടികയെ ബാധിക്കും. ബി.ജെ.പി.യുടെ കേന്ദ്രനേതൃത്വം നിര്‍ദേശിച്ച പേരുകള്‍ അടങ്ങിയതാണ് സാധ്യതാ പട്ടിക. ഒരുവേള തുഷാര്‍ മത്സരിക്കുമെങ്കില്‍ തൃശ്ശൂര്‍ വിട്ടുനല്‍കും. കേരളത്തില്‍ തിരുവനന്തപുരം, തൃശ്ശൂര്‍, പത്തനംതിട്ട, പാലക്കാട് എന്നിവയാണ് പാര്‍ട്ടി എ ക്ലാസ് മണ്ഡലമായി കാണുന്നത്. അതില്‍ തന്നെ പത്തനംതിട്ട, പാലക്കാട് സീറ്റുകള്‍ക്ക് വേണ്ടി പല മുതിര്‍ന്ന നേതാക്കളും അവകാശവാദമുന്നയിച്ചു.

പത്തനംതിട്ടയില്‍ പി.എസ് ശ്രീധരന്‍ പിള്ളക്ക് പുറമേ എം.ടി രമേശും കെ.സുരേന്ദ്രനും അവകാശവാദമുന്നയിച്ചു. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രനും കൃഷ്ണകുമാറും രംഗത്തെത്തി. കൊല്ലത്ത് സി.വി. ആനന്ദബോസ്, ആലപ്പുഴയില്‍ ബി.ജെ.പി. ഡോക്ടേഴ്‌സ് സെല്ലിന്റെ നേതാവ് ഡോ. ബിജു, ചാലക്കുടിയില്‍ യുവമോര്‍ച്ച ദേശീയ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് എന്നിവരുടെ പേരാണ് കേന്ദ്രം നിര്‍ദേശിച്ചത്.

0Shares