ലോക്സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടുകള്‍ നടന്നു; കൂടുതലും സ്ത്രീകള്‍; ദൃശ്യങ്ങള്‍ പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തെരഞ്ഞെടുപ്പ്: കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ടുകള്‍ നടന്നു; കൂടുതലും സ്ത്രീകള്‍; ദൃശ്യങ്ങള്‍ പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതിന്‍റെ ദൃശ്യങ്ങൾ മാതൃഭൂമി ന്യൂസ് പുറത്ത് വിട്ടു. പിലാത്തറ എ.യു.പി സ്‌കൂളില്‍ 19-ാം നമ്പര്‍ ബൂത്തിൽ കള്ളവോട്ട് നടക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ചാനൽ സംപ്രേഷണം ചെയ്തിരിക്കുന്നത്. കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്ന് വോട്ടെടുപ്പ് കഴിഞ്ഞ പിറ്റേന്ന് തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.സുധാകരന്‍ പറഞ്ഞിരുന്നു. ഇതിന്‍റെ തെളിവുകള്‍ പുറത്ത് വിടുമെന്നും സുധാകാരൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് പുറകെയാണ് ചാനൽ കള്ളവോട്ട് നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്.

ഒരാള്‍ തന്നെ രണ്ടു തവണ വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റു ബൂത്തിലുള്ളവര്‍ വോട്ട് ചെയ്യുന്നതും ആളുമാറി വോട്ട് ചെയ്യുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. 774-ാം വോട്ടറായ പത്മിനി എന്ന സ്ത്രീ രണ്ട് തവണ വോട്ട് ചെയ്യുന്നതിനായി എത്തി. ഇവര്‍ കൈയില്‍ പുരട്ടിയ മഷി ഉടന്‍ തലയില്‍ തുടക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചെറുതാഴം പഞ്ചായത്തിലെ 50-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ 19-ാം നമ്പര്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്.

ഇത്തരത്തില്‍ ആറോളം പേര്‍ ഈ ഒരു ബൂത്തില്‍ മാത്രം കള്ളവോട്ടുകള്‍ നടത്തിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. മറ്റൊരു സ്ത്രീ വോട്ടര്‍ ഒരു മണിക്കൂറോളം വരി നിന്ന ശേഷം വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തന്‍റെ വോട്ട് ആരോ ചെയ്‌തെന്ന് മനസ്സിലായി. തുടര്‍ന്ന് അവര്‍ക്ക് ദീര്‍ഘനേരം ബൂത്തില്‍ ഇരിക്കേണ്ടി വരികയും വോട്ട് ചെയ്യാനാകാതെ മടങ്ങി പോവേണ്ടിവരികയും ചെയ്തു.

0Shares