ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോൺ​ഗ്രസ് – ആർ.എസ്.എസ്- എസ്.ഡി.പി.ഐ ധാരണ; അ‍ഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി കോൺ​ഗ്രസിനെ സഹായിക്കും: കോടിയേരി ബാലകൃഷ്ണൻ

  • Post category:news
  • Reading time:1 min read
You are currently viewing ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോൺ​ഗ്രസ് – ആർ.എസ്.എസ്- എസ്.ഡി.പി.ഐ ധാരണ; അ‍ഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പി കോൺ​ഗ്രസിനെ സഹായിക്കും: കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: നടക്കാനിരിക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിൽ കേരളത്തില്‍ ആർ.എസ്.എസ് – യു.ഡി.എഫ് – എസ്.ഡി.പി.ഐ അവിശുദ്ധ കൂട്ടുകെട്ടെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അഞ്ച് മണ്ഡലങ്ങളിൽ ബി.ജെ.പിയും ആർ.എസ്.എസം ദുർബലസ്ഥാനാർഥികളെ നിർത്തി യു.ഡി.എഫിനെ സഹായിക്കും. പകരമായി തിരുവനന്തപുരത്ത് യു.ഡി.എഫ് കുമ്മനത്തെ ജയിപ്പിച്ചുകൊടുക്കും. ഇതാണ് ധാരണയെന്ന് കോടിയേരി പറഞ്ഞു.

അതേപോലെ കൊല്ലം, എറണാകുളം, വടകര, കോഴിക്കോട്, കണ്ണൂർ എന്നീ മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർഥികളെ മാത്രമേ എൻ.ഡി.എ മത്സരിപ്പിക്കൂ. അതിനുള്ള നിർദേശമാണ് ആർ.എസ്.എസ് ബി.ജെ.പിക്ക് നൽകിയിരിക്കുന്നത്. പ്രത്യുപകാരമായി കുമ്മനം രാജശേഖരനെ ജയിപ്പിക്കാൻ യു.ഡി.എഫ് അരയും തലയും മുറുക്കി കളത്തിലിറങ്ങും എന്നാണ് വ്യക്തമാകുന്നത്. അല്ലെങ്കില്‍ എന്തിനാണ് വട്ടിയൂർക്കാവ് എം.എൽ.എയായ മുരളീധരനെ തിരുവനന്തപുരത്തിന് പകരം വടകരയിൽ നിർത്തിയതെന്ന് – കോടിയേരി ചോദിച്ചു.

കേരളത്തില്‍ ഇടത് തരംഗം ഉറപ്പായതോടെയാണ് ഈ നീക്കം. എറണാകുളത്ത് ടോം വടക്കനെയും വടകരയിൽ സജീവനെയും ആലപ്പുഴയിൽ കെ. എസ് രാധാകൃഷ്ണനെയും നിർത്തുന്നതും ഇതിന് ഉദാഹരണമാണ്.
യു.ഡി.എഫ് എസ്‍.ഡി.പി.ഐയുമായും അവിശുദ്ധകൂട്ടുകെട്ടുണ്ടാക്കി എന്നുറപ്പാണെന്നും കോടിയേരി പറയുന്നു. എസ്‍.ഡി.പി.ഐയുമായി ചർച്ച നടത്താൻ ലീഗിനെ ഏൽപിച്ചത് കോൺഗ്രസ് തന്നെയാണ്. പരമാവധി എസ്‍.ഡി.പി.ഐ വോട്ടുകൾ മലപ്പുറത്തും പൊന്നാനിയിലും കോഴിക്കോട്ടും ഉറപ്പാക്കാൻ വേണ്ടിയാണ് ഇത്. ഇങ്ങനെ കേരളത്തിൽ ആർ.എസ്എസ് – ബി.ജെ.പി – യു.ഡി.എഫ് – എസ്‍.ഡി.പി.ഐ അവിശുദ്ധകൂട്ടുകെട്ടാണെന്നും കോടിയേരി പറഞ്ഞു.

0Shares