
കാസര്‍കോട്: ആന്ധ്രാപ്രദേശില്‍ കുടുംബവേരുകളുള്ള സുനിത ഉമേഷിന് ഇനി സുരക്ഷിതയായി സ്വന്തം വീട്ടിലുറങ്ങാം. കുമ്പള കുണ്ടങ്കാരടുക്കയിലെ സുനിതയ്ക്ക് മലയാളം ഏറെ വഴങ്ങില്ലെങ്കിലും മലയാളനാടിനെ ഹൃദയത്തോടാണ് ചേര്‍ത്തുവെച്ചിട്ടുള്ളത്. വളരെ ചെറുപ്പത്തില്‍ തന്നെ തെലുഗുദേശത്ത് നിന്നും കാസര്‍കോട് എത്തിയ സുനിത കുമ്പളയിലെ എസ്. ഉമേശിനെ വിവാഹം ചെയ്ത് കുണ്ടങ്കാരടുക്കയില്‍ താമസിച്ചു വരികയായിരുന്നു.

രോഗബാധിതനായ ഉമേശ് 2018 ജൂലൈയില്‍ മരണപ്പെട്ടതിന് ശേഷം സുനിത തകരാന്‍ തുടങ്ങിയിരുന്ന ഓടു മേഞ്ഞ വീട്ടില്‍ രണ്ടു മക്കളുമായി ജീവിതം വഴിമുട്ടി നില്‍ക്കുകയായിരുന്നു. പന്ത്രണ്ടുവയസുകാരനായ മനീഷ് ഏഴാം ക്ലാസിലും ഒമ്പതുകാരിയായ അനീഷ നാലാം ക്ലാസിലുമാണ് പഠനം നടത്തുന്നത്. മക്കളുടെ പഠനവും ജീവിതവും പ്രതിസന്ധിയിലായ ഘട്ടത്തിലാണ് പ്രകാശം പരത്തി സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷന്‍ എത്തുന്നത്. പദ്ധതിയിലൂടെ രണ്ട് ബെഡ്റൂമും ഒരു ഹാളും അടുക്കളയുമുള്‍പ്പെട്ട വീടാണ് തന്റെ നാലു സെന്റ് ഭൂമിയില്‍ നിര്‍മിച്ചത്. നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. വൈദ്യുതീകരണം പുരോഗമിക്കുന്നുണ്ട്.
കൂലിപ്പണിയെടുത്താണ് സുനിത തന്‍റെ കൊച്ചു കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്. ഇത് കൂടാതെ തൊഴിലുറപ്പ് പദ്ധതിയില്‍ ലഭിക്കുന്ന ജോലികളും തനിക്ക് സഹായകമാവുന്നുണ്ടെന്നാണ് സുനിത പറയുന്നത്. കന്നഡ, തുളു, തെലുഗു എന്നീ ഭാഷകളും സുനിതയ്ക്ക് വഴങ്ങുന്നുണ്ട്. സര്‍ക്കാര്‍ വിദ്യാലയത്തില്‍ ലഭിക്കുന്ന സൗജന്യ വിദ്യാഭ്യാസം വളരെ ഉപകാരപ്രദമാണെന്നും മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി ഉന്നതങ്ങളിലെത്തിക്കണമെന്നാണ് ആഗ്രഹമെന്നും മുറിമലയാളത്തില്‍ അവര്‍ പറഞ്ഞൊപ്പിക്കുന്നു.
