ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളെ പ്രസവമുറിയില്‍ കയറ്റി വൈദ്യ പരിശോധന; കോഴിക്കോട്ട് നടന്ന സംഭവം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്

  • Post category:news
  • Reading time:1 min read
You are currently viewing ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളെ പ്രസവമുറിയില്‍ കയറ്റി വൈദ്യ പരിശോധന; കോഴിക്കോട്ട് നടന്ന സംഭവം മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്

കോഴിക്കോട്: ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളെ പ്രസവമുറിയില്‍ കയറ്റി വൈദ്യ പരിശോധന നടത്തിയത് വിവാദമാവുന്നു. അധ്യാപകന്റെ പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനികളെ വൈദ്യ പരിശോധനയുടെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രസവ മുറിയില്‍ കയറ്റിയതായാണ് പരാതി. കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളിലെ എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന 12 കുട്ടികളെയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. ഇതേടുടര്‍ന്നു വൈദ്യപരിശോധനയ്ക്കായി കുട്ടികളെ പ്രസവമുറിയില്‍ കയറ്റിയ കാര്യം രക്ഷിതാക്കളാണ് അറിയിച്ചത്. ഇരയാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസിക ധൈര്യം നല്‍കാന്‍ സംഘടിപ്പിച്ച കൗണ്‍സലിങിന് എത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടാണ് രക്ഷിതാക്കള്‍ ഇതു വെളിപ്പെടുത്തിയത്. പ്രസവ മുറിയില്‍ കണ്ട കാഴ്ചകള്‍ കുട്ടികളില്‍ ഭയവും അമ്പരപ്പുമാണ് ഉണ്ടാക്കിയതെന്നും രക്ഷിതാക്കള്‍ പറയുന്നു. ഇതോടെയാണ് വിവാദം കത്തിക്കയറിയത്. കുട്ടികളുടെ രക്ഷിതാക്കള്‍ ഈ സംഭവത്തെക്കുറിച്ച് രേഖാ മൂലം ഇതുവരെ പരാതി നല്‍കിയിട്ടില്ല. എന്നാല്‍ ചൈല്‍ഡ് ലൈന്‍ സംസ്ഥാന ബാലാവകാശ കമ്മീഷനു ഇതേക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാനൊരുങ്ങുകയാണ്. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളുടെ രഹസ്യഭാഗങ്ങള്‍ സ്പര്‍ശിക്കുകയും മറ്റും ചെയ്തുവെന്ന പരാതിയെ തുടര്‍ന്നു അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്സോ നിയമപ്രകാരം അധ്യാപകനെതിരേ കേസെടുക്കണമെങ്കില്‍ വൈദ്യപരിശോധന റിപ്പോര്‍ട്ട് വേണ്ടതുണ്ട്. ഇതേ തുടര്‍ന്നാണ് കുട്ടികളെ വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊണ്ടുവന്നത്. പ്രസവമുറിയില്‍ തങ്ങള്‍ കണ്ട കാഴ്ചകളെക്കുറിച്ച് കുട്ടികള്‍ രക്ഷിതാക്കളെ അറിയിച്ചിരുന്നെങ്കിലും ആരും പരാതിപ്പെട്ടില്ല. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളിലെത്തിയതോടെയാണ് സംഭവത്തെക്കുറിച്ച് രക്ഷിതാക്കള്‍ വെളിപ്പെടുത്തിയത്. അധ്യാപകനില്‍ നിന്നും നേരിട്ട അതിക്രമത്തേക്കാള്‍ ക്രൂരമാണ് മെഡിക്കല്‍ കോളേജിലെ പ്രസവമുറിയില്‍ കുട്ടികള്‍ നേരിട്ടതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. പ്രസവ മുറിയില്‍ വച്ച് കുട്ടികള്‍ക്കു തലകറക്കം ഉണ്ടായതായും ഇനി ഇത്തരം പരിശോധനകള്‍ക്ക് ഹാജരാവില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.

0Shares