കണ്ണൂര്‍: മലയാളത്തിലെ ക്രിസ്മസ് റിലീസുകളെ ഒരുമാസത്തോളം വൈകിപ്പിച്ച തീയേറ്റര്‍ സമരത്തില്‍ കൈപൊള്ളിയ ആളാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേതാവ് ലിബര്‍ട്ടി ബഷീര്‍. ദിലീപിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പുതിയ സംഘടന, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരളയുടെ വരവോടെ സമരത്തിന് അവസാനമായെങ്കിലും ബഷീറിന്റെ ഉടമസ്ഥതയിലുള്ള ‘ലിബര്‍ട്ടി’ ഉള്‍പ്പെടെയുള്ള തീയേറ്ററുകള്‍ക്ക് പുതിയ ചിത്രങ്ങള്‍ നല്‍കേണ്ടെന്നായിരുന്നു തീരുമാനം. നിര്‍മ്മാതാക്കളും വിതരണക്കാരും ഒറ്റക്കെട്ടായി നിന്ന് സിനിമ തരില്ലെന്ന് പറഞ്ഞാല്‍ ഒന്നും ചെയ്യാനാവില്ലെന്നും അതിനാല്‍ തീയേറ്റര്‍ ബിസിനസ് അവസാനിപ്പിക്കാന്‍ പോവുകയാണെന്നും ലിബര്‍ട്ടി ബഷീര്‍ ഒരു മാസം മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തീയേറ്റര്‍ പൊളിച്ച് ഷോപ്പിംഗ് മാള്‍ പണിയാനുള്ള തീരുമാനവും അദ്ദേഹം അറിയിക്കുകയുണ്ടായി. എന്നാല്‍ ഇപ്പോള്‍ പുതിയ വാര്‍ത്തകള്‍ വരുന്നു. ലിബര്‍ട്ടി ബഷീര്‍ വീണ്ടും സിനിമാനിര്‍മ്മാണ രംഗത്തേക്ക് മടങ്ങിവരുന്നു എന്നാണത്.

മലയാളത്തില്‍ ഒരുപിടി ഹിറ്റുകള്‍ സമ്മാനിച്ച ബാനറാണ് ബഷീറിന്റെ ലിബര്‍ട്ടി പ്രൊഡക്ഷന്‍സ്. അദ്ദേഹം അവസാനമായി നിര്‍മ്മിച്ചത് ഐ.വി.ശശിയുടെ സംവിധാനത്തില്‍ മമ്മൂട്ടി ഡബിള്‍ റോളിലെത്തിയ ബല്‍റാം vs താരാദാസാണ്. ലിബര്‍ട്ടി പ്രൊഡക്ഷന്‍സ് നിര്‍മ്മാണ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുന്ന സിനിമയില്‍ നായകന്‍ സുരേഷ് ഗോപിയാണെന്ന് ബഷീര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്‍ജി പണിക്കര്‍ തിരക്കഥയൊരുക്കുന്ന ‘ഭരത് ചന്ദ്രന്‍ ഐപിഎസി’ന്റെ രണ്ടാംഭാഗമാവും ലിബര്‍ട്ടി പ്രൊഡക്ഷന്‍സിന്റെ തിരിച്ചുവരവ് ചിത്രം. രണ്‍ജി പണിക്കരോ ഷാജി കൈലാസോ ചിത്രം സംവിധാനം ചെയ്യും. ഇതുള്‍പ്പെടെ പ്രോജക്ട് സംബന്ധിച്ചുള്ള മുഴുവന്‍ കാര്യങ്ങളും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. എന്നാല്‍ രണ്‍ജി പണിക്കര്‍ ഈ പ്രോജക്ട് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടില്ല. പുതിയ മലയാളചിത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ തലശ്ശേരിയിലെ ലിബര്‍ട്ടിയുടെ മൂന്ന് തീയേറ്ററുകളില്‍ ഇപ്പോള്‍ പ്രദര്‍ശനമില്ല. മറ്റ് രണ്ട് തീയേറ്ററുകളില്‍ തമിഴ്, ഹിന്ദി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.