
വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുടെ ക്ഷണിച്ചത്. . ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ക്ഷണിക്കുന്നത് ചരിത്രത്തിൽ ഇത് ആദ്യമാണ്. ധനമന്ത്രി തോമസ് ഐസക്കിനെയും ചീഫ് സെക്രട്ടറി ടോം ജോസിനെയും കിഫ്ബി സി.ഇ.ഒ. കെ.എം. എബ്രഹാമിനെയും ചടങ്ങിലേക്ക് അധികൃതർ ക്ഷണിച്ചിട്ടുണ്ട്.

ലണ്ടൻ ഓഹരിവിപണിയിൽ ഓഹരി ലിസ്റ്റ് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാന സ്ഥാപനം എന്ന പദവി ഇനി കിഫ്ബിക്കു മാത്രം സ്വന്തമായിരിക്കും. സംസ്ഥാനത്തിന് വിഭവസമാഹരണത്തിനുള്ള പുതിയ അവസരം മാത്രമല്ല, കോർപ്പറേറ്റ് ഭരണത്തിലെയും ഫണ്ട്പരിപാലനത്തിലെയും ലോകോത്തരസമ്പ്രദായങ്ങൾ പകർത്താനുള്ള വലിയ അവസരംകൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.
അന്താരാഷ്ട്ര നിക്ഷേപകർക്കൊപ്പം ലോകവ്യാപകമായി വിജയകരമായി സംഘടിപ്പിച്ച റോഡ് ഷോകളുടെ തുടർച്ചയാണ് ഈ അവസരമെന്ന് കിഫ്ബി അധികൃതർ പറഞ്ഞു. അടുത്ത മൂന്നുകൊല്ലത്തിനകം അടിസ്ഥാനസൗകര്യവികസനത്തിന് 50,000 കോടിരൂപയുടെ മൂലധനനിക്ഷേപം ലഭ്യമാക്കുക എന്ന ലക്ഷ്യം നേടാനുള്ള യാത്രയിൽ ഈ ഓഹരിവ്യാപാരം കിഫ്ബിക്കു കുടുതൽ കരുത്താകും.
