റൗണ്ടപ്പ് ഉൾപ്പടെയുള്ള ഗ്ലൈഫോസേറ്റ് അടങ്ങിയ കള – കീടനാശിനികൾ കേരളത്തിൽ നിരോധിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing റൗണ്ടപ്പ് ഉൾപ്പടെയുള്ള ഗ്ലൈഫോസേറ്റ് അടങ്ങിയ കള – കീടനാശിനികൾ കേരളത്തിൽ നിരോധിച്ചു

റൗണ്ടപ്പ് ഉൾപ്പടെയുള്ള കള – കീടനാശിനികൾ കേരളത്തിൽ നിരോധിച്ചു. ഗ്ലൈഫോസേറ്റ് അടങ്ങിയ കള നാശിനികളാണ് നിരോധിച്ചിട്ടുള്ളത്. ഇവയുടെ ചില്ലറ, മൊത്ത വ്യാപാര വിൽപ്പന പൂർണ്ണമായും നിരോധിച്ചും ലൈസൻസ് റദ്ദാക്കിയും കൃഷി ഡയറക്ടർ ഉത്തരവിറക്കി. സംസ്ഥാനത്ത് ജൈവ കാര്‍ഷികനയം നടപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നിരോധനം. കൂടുതല്‍ കീടനാശിനികളുടെ ഉപയോഗം നിയന്ത്രിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ 60 ദിവസത്തേക്ക് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.

എന്നാൽ ഇതിനിടയിലും ഇവയുടെ വില്‍പനയിൽ കുറവ് വന്നില്ലായിരുന്നു. ഇതേത്തുടർന്നാണ് റൗണ്ടപ്പ് ഉൾപ്പടെയുള്ള കീടനാശിനികൾ പൂർണ്ണമായും നിരോധിക്കാൻ തീരുമാനിക്കുന്നത്. റബര്‍ തോട്ടങ്ങളിലാണ് റൗണ്ട് അപ്പ് വ്യാപകമായി ഉപയോഗിക്കുന്നത്. നെല്‍കൃഷിയിലും പച്ചക്കറി തോട്ടങ്ങളിലും തളിക്കുന്ന ക്രോട്ടോ ഫോസും വ്യാപകമാണ്. പച്ചക്കറി തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ലിന്റയിന്‍, വാഴത്തോട്ടങ്ങളില്‍ ഉപയോഗിക്കുന്ന ഫ്യൂരിഡാന്‍, കാര്‍ബോറിന്‍ തുടങ്ങിയവയും ഹാനികരമാണ്.

മാമ്പൂ കൊഴിയാതിരിക്കാനും പ്രാണികളെ അകറ്റാനും സെവിന്‍, സിംഫൂസ് എന്നീ മാരക കീടനാശിനികളാണ് യഥേഷ്ടം തളിക്കുന്നത്. കൃഷിപ്രദേശം മാസത്തിലൊരിക്കല്‍ പരിശോധിച്ച് അതത് ജില്ലാ കൃഷി ഓഫിസുകളില്‍ റിപ്പോര്‍ട്ട് നല്‍കാനും കൃഷി ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഇവ ഒഴിവാക്കിയുള്ള പുതിയ ലൈസന്‍സാണ് ഇനി വ്യാപാരികള്‍ക്ക് നല്‍കുക.

മഞ്ഞ, നീല ലേബലോടെയുള്ളവയും ചില കളനാശിനികളുടെയും വില്‍പനയും ഉപയോഗവും അത്യാവശ്യ ഘട്ടങ്ങളില്‍ കൃഷി ഓഫിസറുടെ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.
ചുവന്ന ലേബലോടുകൂടിയ ചില കീടനാശിനികളുടെ ഉപയോഗം പൂര്‍ണമായും നിരോധിച്ചിരുന്നുവെങ്കിലും കൃഷി വകുപ്പ് തന്നെ ചുവന്ന ലേബലോട് കൂടിയ എലിവിഷം ഉള്‍പ്പെടെ കീടനാശിനികളും കൃഷിഭവന്‍ മുഖേന കര്‍ഷകര്‍ക്ക് നൽകി വരുന്നത് വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു.

0Shares