റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബദിയടുക്കയില്‍ ജനകീയ പ്രക്ഷോഭം കത്തിപ്പടരുന്നു.

  • Post category:news
  • Reading time:1 min read
You are currently viewing റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ബദിയടുക്കയില്‍ ജനകീയ പ്രക്ഷോഭം കത്തിപ്പടരുന്നു.

കാസര്‍കോട്: ചെര്‍ക്കള – കല്ലടുക്ക, ബദിയടുക്ക-ഏത്തടുക്ക-സുള്ള്യപ്പദവ്, മുള്ളേരിയ-നാട്ടക്കല്‍-ആര്‍ളപ്പദവ് തുടങ്ങിയ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക്. ബദിയടുക്ക പി ഡബ്ല്യു.ഡി. സെക്ക്ഷന്‍ ഓഫീസിന് മുന്നില്‍ നടക്കുന്ന സമരത്തിന് കക്ഷി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളുടെ ഐക്യദാര്‍ഢ്യവും പിന്തുണയും ലഭിച്ചിട്ടുണ്ട്. കാല്‍നട യാത്രയ്ക്കും വാഹന ഗതാഗതത്തിനും ഒരുപോലെ ദുഷ്‌കരമായ റോഡുകളുടെ ദുരവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ അധികൃതരെ അസംഖ്യം തവണ സമീപിച്ചിരുന്നുവെങ്കിലും അതെല്ലാം വിഫലമാകുകയാണ് ഉണ്ടായത്.

 

ക്ഷമയുടെ നെല്ലിപ്പലകയും കണ്ടശേഷമാണ് ജനങ്ങള്‍ ഒറ്റക്കെട്ടായി സമരപാതയിലേക്ക് നീങ്ങാനിടയായത്. റോഡ് നിര്‍മ്മാണത്തില്‍ വരുത്തിയ ഗുരുതരമായ പിഴവും ഉത്തരാവാദിത്വമില്ലായ്മയുമാണ് ഇത്തരത്തില്‍ റോഡുകള്‍ തകരാന്‍ കാരണമായത്. കരാറുകാരും പൊതുമരാമത്ത് അധികൃതരും തമ്മിലുള്ള അവിശുദ്ധമായ കൂട്ട്‌കെട്ടിന്റെ സാക്ഷ്യപത്രങ്ങളാണ് ഈ റോഡുകളെല്ലാം. തകര്‍ന്ന് തരിപ്പണമായ റോഡുകളുടെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരം ഉണ്ടായാല്‍ മാത്രമെ ഈ ധര്‍മ്മസമരത്തില്‍ നിന്ന് തങ്ങള്‍ പിന്മാറുകയുള്ളൂവെന്ന ധീര വ്രതത്തിലും പ്രഖ്യാപനത്തിലുമാണ് ബദിയടുക്കയിലും പരിസര പ്രദേശങ്ങളിലുമുള്ള ജനങ്ങള്‍ ഒന്നടങ്കം.

ഓരോ ദിവസവും പൊതുജീവിതത്തിന്റെ വിവിധ തുറകളില്‍പെട്ട പ്രമുഖ വ്യക്തികളാണ് സമരം ഉദ്ഘാടനം ചെയ്യുന്നത്. ഫെബ്രുവരി 10ന് തുടക്കം കുറിച്ച അനിശ്ചിതകാല സമരം അഞ്ചാം നാളില്‍ രാജ്യത്തെ വിഖ്യാത ചിത്രകാരനും കാറടുക്ക സ്വദേശിയുമായ പി.എസ്. പുണിഞ്ചിത്തായയാണ് ഉദ്ഘാടനം ചെയ്തത്. ഉത്തരവാദപ്പെട്ടവരുടെ അലഭാവവും നിരുത്തരവാദപരമായ സമീപനവും മൂലം ആയിരക്കണക്കിന് ആളുകളുടെ യാത്രാ സ്വാതന്ത്ര്യമാണ് നിഷേധിക്കുന്നതെന്നും മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ഇത് മനുഷ്യാവകാശ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന് ആബാലവൃദ്ധം ആളുകളും ഒറ്റ കൊടികീഴില്‍ അണിചേര്‍ന്ന് നടത്തുന്ന സമരത്തിന് പുണിഞ്ചിത്തായ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. രാഷ്ട്രീയ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി ആളുകള്‍ സമരപന്തലില്‍ എത്തി. സമരത്തോടനുബന്ധിച്ച് ജനങ്ങളുടെ പ്രതിഷേധ സൂചകമായി ഒപ്പുശേഖരണവും നടന്നു വരുന്നു.

0Shares