റിയാസ് മൗലവി വധം: 24 മണിക്കൂര്‍ രാപ്പകല്‍ സമരം നാടിന്റെ മനസ്സ് തൊട്ടു.

  • Post category:news
  • Reading time:1 min read
You are currently viewing റിയാസ് മൗലവി വധം: 24 മണിക്കൂര്‍ രാപ്പകല്‍ സമരം നാടിന്റെ മനസ്സ് തൊട്ടു.

കാസര്‍കോട്: മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കാസര്‍കോട് യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ 24 മണിക്കൂര്‍ രാപകല്‍ സമരം ഹൃദയം പകര്‍ന്ന അനുഭവമായി. കൊലയാളികള്‍ക്കെതിരെ യു.എ.പി.എ ചുമത്തുക, ജില്ലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുക, എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് രാപകല്‍ സമരം സംഘടിപ്പിച്ചത്. കാസര്‍കോട് നഗരത്തില്‍ ഒരുപാട് സമരങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ‘ഒപ്പ് മര’ ചോട്ടിലായിരുന്നു ഈ സമരവും നടന്നത്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതു ജീവിതത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി ആളുകളാണ് പന്തലില്‍ എത്തിയത്.

തിങ്കളാഴ്ച്ച ഉച്ചക്ക് തളങ്കര മാലിക് ദിനാര്‍ പള്ളി ഇമാം അബ്ദുല്‍ മജീദ് ബാഖവി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ നൂറുകണക്കിന് യുവാക്കളടക്കം നിരവധി പേര്‍ പങ്കാളികളായി. പ്രകോപനങ്ങളില്ലാതെ കാസര്‍കോട്ട് ഇത്തരം നിഷ്ഠൂര പ്രവര്‍ത്തികള്‍ നടത്തുന്നവര്‍ക്ക് എതിരെയുള്ള യുവാക്കളുടെ ചെറുത്ത് നില്‍പ്പ് കൂടിയായിരുന്നു ഈ സമരം. പകരത്തിന് പകരം എന്ന ആശയത്തിന് വിഭിന്നമായി മനസ്സമാധാനവും,സുരക്ഷയും,നന്മയുമുള്ള നല്ല കാസര്‍കോടിനായി ജാതിമത ഭേദമെന്യേ എല്ലാവരും ഒരുമിക്കണം എന്ന സന്ദേശമായിരുന്നു ഈ സമരം മുന്നോട്ട് വെച്ചത്. തങ്ങള്‍ എക്കാലവും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വാസവും കൂറും ഉള്ളവരാണ്. അതു കൊണ്ട് തന്നെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്താന്‍ ഭരണകൂടം തയ്യാറാവണമെന്ന് സമരാനുകൂലികള്‍ അഭ്യര്‍ത്ഥിക്കുന്നു. നിലവില്‍ പ്രതികള്‍ക്ക് മേല്‍ യു.എ.പി.എ ചുമത്തിയിട്ടില്ല. ഇത് അന്വേഷണ ഉദ്യോഗസ്ഥരോടുള്ള വിശ്വാസത്തിന് മങ്ങലുണ്ടാക്കും.

അതുകൊണ്ട് മുഖം നോക്കാതെ നടപടി എടുക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒരു പോലെയാണെന്നത് മറക്കരുതെന്നും സമരത്തെ അഭിസംബോധന ചെയ്തവര്‍ പറഞ്ഞു. ഈ സമരം യുവാക്കളുടെ വിവേകപരമായ തീരുമാനമാണ്. തങ്ങള്‍ വികാരപരമായി പ്രവര്‍ത്തിക്കുന്നതിന് പകരം സമാധാന മാര്‍ഗ്ഗത്തില്‍ വിശ്വസിക്കുന്നവരും നീതിയിലും നിയമത്തിലും വിശ്വാസമുള്ളവരുമാണ്. അതുകൊണ്ട് പ്രതികള്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ കിട്ടാവുന്ന വിധം അന്വേഷണ ഉദ്യോഗസ്ഥര്‍ കൃത്യ നിര്‍വ്വഹണം നടത്തണം എന്ന് അവര്‍ ആവശ്യപ്പെടുന്നു. കാസര്‍കോട്ട് ശാശ്വത സമാധാനം നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ ഒന്നടങ്കമുള്ള ആവശ്യമാണ്. ഇതിന് ഭരണകൂടം ആവശ്യമായ തീരുമാനം കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് രാപ്പകല്‍ സമരത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.

0Shares