
കാസര്‍കോട്: കാസര്‍കോട് ബണ്ടിച്ചാല്‍ സ്വദേശിയായ ബി.എ ഇസ്മായില്‍ തന്‍റെ പത്തുസെന്റ് ഭൂമി കയ്യേറ്റക്കാരില്‍ നിന്നും ഒഴിപ്പിച്ച് സ്വന്തമാക്കുന്നതിനായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിഇറങ്ങാല്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ആയി. ഇതിനെ സംബന്ധിച്ച് ചാനല്‍ ആര്‍. ബി ഡോട്ട് കോം കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവിട്ടിരുന്നു. കാസര്‍കോട് ജില്ലയില്‍ തെക്കില്‍ വില്ലേജിലെ സര്‍വ്വേ നമ്പര്‍ 142/ 1ല്‍ പെട്ട ഒരേക്കര്‍ സ്ഥലം എല്‍.എ 57/ 88 തെക്കില്‍ പ്രകാരം ഇസ്മായീലിന്റെ ഉമ്മയായ യു.ബി ആയിഷയ്ക്ക് 1988 ൽ സര്‍ക്കാര്‍ പട്ടയം നല്‍കിയതാണ്. ഈ ഭൂമിയില്‍ നിന്നും അവര്‍ തന്‍റെ അഞ്ച് മക്കള്‍ക്ക് ഭൂമി വീതിച്ചു നല്‍കി. ഇതില്‍ ഇളയ മകനായ ഇസ്മായീലിന് 26 സെന്റ് ആണ് നല്‍കിയത്.
ഇയാള്‍ പന്ത്രണ്ട് വര്‍ഷക്കാലം വിദേശത്ത് ജോലിയുമായി കുടുംബ സമേതം താസിക്കുകയായിരുന്നു. തന്‍റെ ഭൂമിക്ക് വില്ലേജില്‍ കരം അടയ്ക്കുകയും ചെയ്തുപോന്നു. നിലവില്‍ ബാങ്കിൽ നിന്നും ലോൺ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം സമർപ്പിക്കാൻ ഭൂമിയുടെ കൈവശാവകാശ സർട്ടിഫിക്കറ്റിനായി വില്ലേജിൽ ഇസ്മായീൽ സമീപിച്ചിരുന്നു. അപ്പോൾ ലഭിച്ച മറുപടി 26 സെന്റ് ഭൂമിയിലെ 10 സെന്റ് സ്ഥലം നിലവില്‍ ഇസ്മായീലിന്റെ കൈവശം അല്ല എന്നും അത് മനസിലായതിനാല്‍ കരം വാങ്ങാല്‍ സാധിക്കില്ല എന്നുമായിരുന്നു. പക്ഷെ, 2016 – 17 വർഷത്തെ കരം അടച്ച രസീത് വരെ ഇയാളുടെ കൈവശം ഉള്ളപ്പോഴാണ് വൈരുദ്ധ്യമായ മറുപടി വില്ലേജിൽ നിന്നും നൽകുന്നത്. അന്നുമുതല്‍ ഇസ്മായീല്‍ ആരംഭിച്ചതാണ് തന്റെ ഭൂമി വീണ്ടെടുക്കാനുള്ള നിയമ പോരാട്ടം.
ഇസ്മായീല്‍ ആദ്യം വില്ലേജ് ഓഫീസില്‍ നിന്നും സ്വീകരിച്ച സ്കെച്ചില്‍ പ്രസ്തുത ഭൂമി 142/ 1 E ആയിരുന്നു. എന്നാല്‍ ഭൂമിയില്‍ അവകാശ തര്‍ക്കം വന്നതിന് ശേഷം ലഭിച്ച സ്കെച്ചില്‍ 142/ 1 D1, D2, D3 എന്നിങ്ങിനെയാണ് രേഖപ്പെടുത്തിയിരുന്നത്. ഇത് രേഖയില്‍ കൃത്രിമം കാണിച്ചതാണെന്ന് ഇസ്മായീല്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചാനല്‍ ആര്‍.ബി നടത്തിയ അന്വേഷണത്തില്‍ വില്ലേജ് ഓഫീസര്‍ നടത്തിയത് അധികാരദുര്‍വിനിയോഗം ആണെന്ന് വ്യകതമാവുകയുണ്ടായി. 
മറ്റൊരാളുടെ ഭൂമി അല്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍ വില്ലേജ് ഓഫീസര്‍ക്ക് മാര്‍ക്ക് ചെയ്യാനും അത് പ്രൊപോസല്‍ ആയി വെച്ചുകൊണ്ട് മറ്റൊരാള്‍ക്ക് വില്പന നടത്തി തുക സര്‍ക്കാരിലേക്ക് മുതല്‍ക്കൂട്ടാനും സാധിക്കും. ഈ അധികാരമാണ് വില്ലേജ് ഓഫീസര്‍ ഇസ്മായീല്‍ തന്റെത് എന്ന് പറയുന്ന ഭൂമിയില്‍ ചെയ്തിട്ടുള്ളത്. വില്ലേജ് ഓഫീസര്‍ പ്രപ്പോസല്‍ തയ്യാറാക്കിയാലും മുകളിലുള്ള ആര്‍.ഡി.ഓ വരെ ഇത് അംഗീകരിക്കേണ്ടതുണ്ട്. എന്നാല്‍ ഇവിടെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രസ്തുത സ്ഥലം വില്‍ക്കുവാന്‍ വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ പ്രൊപ്പോസല്‍ തള്ളുകയാണ് ഉണ്ടായത്. ഈ കാരണത്താല്‍ തന്നെ തെക്കില്‍ വില്ലേജ് ഓഫീസര്‍ തന്റെ അധികാരം ദുരുപയോഗിച്ചു എന്നും, അനര്‍ഹരുടെ താല്പര്യത്തിന് വേണ്ടി പ്രവൃത്തിക്കുകയായിരുന്നു എന്നുമാണ് വ്യക്തമാകുന്നത്.
ഇസ്മയീലിന്റെ 26 സെന്റ് ഭൂമിയിലെ 10 സെന്റ് സ്ഥലം സര്‍ക്കാര്‍ ഭൂമി എന്ന് കാണിച്ചാണ് വില്ലേജ് ഓഫീസര്‍ പ്രൊപ്പോസല്‍ തയ്യാറാക്കിയതും. സ്ഥലം ഉടമയുടെ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ട കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വില്ലേജ് ഓഫീസര്‍ തയ്യാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതിനെ സര്‍ക്കാര്‍ ഭൂമി എന്നാണ് കാണിച്ചിട്ടുള്ളത്.
ഇനി ഈ വില്ലേജ് ഓഫീസറെ സംബന്ധിച്ച് അല്‍പം കാര്യം പരിശോദിക്കാം; 24- 5-2010 മുതലാണ് ഇദ്ദേഹം വില്ലേജ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിക്കുന്നത്. 2014 ഫെബ്രുവരി മുതല്‍ സ്വന്തം നാടായ തെക്കില്‍ വില്ലേജില്‍ ചാര്‍ജെടുത്തു. 2016 മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെ സ്ഥലം മാറ്റം ലഭിച്ച് ബേഡടുക്ക വില്ലേജില്‍ ആയിരുന്നതൊഴിച്ചാല്‍ ഈ നിമിഷം വരെ തെക്കില്‍ വില്ലേജില്‍ തന്നെയാണ് ജോലി ചെയ്യുന്നത്. ഏത് മുന്നണി ഭരണത്തില്‍ ആയിരുന്നാലും അധികാര കേന്ദ്രങ്ങളില്‍ ശക്തമായ സ്വാധീനമുള്ള ഇയാള്‍ തന്റെ ബന്ധങ്ങള്‍ ഉപയോഗിച്ച് തിരികെ തെക്കില്‍ വില്ലേജില്‍ തന്നെ വന്ന് ചുമതലയേല്‍ക്കുന്നു എന്നതാണ് യഥാർത്ഥ വസ്തുത.

സ്ഥലം മാറ്റം ലഭിച്ച്, ബേഡടുക്ക വില്ലേജില്‍ ജോലി ചെയ്യുന്ന സമയത്ത് അസന്മാര്‍ഗിക പ്രവര്‍ത്തനത്തിന്റെ പേരില്‍ നാട്ടുകാര്‍ ഇദ്ദേഹത്തെ കയ്യോടെ പിടികൂടുകയും ചെയ്തിട്ടുള്ളതാണ്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദ്യോഗസ്ഥ സംഘടനയില്‍ നേതൃ സ്ഥാനത്തുള്ള ഇദ്ദേഹം കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്ക്കാരം നേടുകയും ചെയ്തിരുന്നു. ഇസ്മയീലിന്റെ പരാതിയില്‍ വിജിലന്‍സ് അന്വേഷണം വരെ നേരിടുകയും ചെയ്തിട്ടും, രേഖകളില്‍ നടത്തിയ തിരിമറികള്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് അറിയാമായിരുന്നിട്ടും നടപടി ഇതുവരെ എടുത്തില്ല. ഇപ്പോഴത്തെ ഇടത് സര്‍ക്കാര്‍ ഭരണ കാലത്തും ഈ വ്യക്തി ഒരേ സ്ഥലത്ത് തന്നെ ജോലി ചെയ്യുന്നു. അതിനാല്‍ തന്നെ ഇയാളുടെയും പിന്നില്‍ ഉള്ളവരുടെയും സ്വാധീനം മനസിലാക്കാന്‍ സാധിക്കുന്നതെ ഉള്ളൂ. സി.പി.ഐ. എം മുഖപത്രമായ ദേശാഭിമാനിയില്‍ വില്ലേജ് ഓഫീസറുടെ അധികാര ദുര്‍വിനിയോഗം സംബന്ധിച്ച് വാര്‍ത്തകള്‍ വന്നിട്ടും, പാര്‍ട്ടിയുടെ പ്രാദേശിക കമ്മിറ്റിയുടെ ഇടപെടല്‍ ഉണ്ടായിട്ടും ഈ വില്ലേജ് ഓഫീസര്‍ക്കെതിരെ ഒരു നടപടിയും എടുക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരോ ഭരണാധികാരികളോ തയ്യാറായില്ല എന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്.

സര്‍ക്കാര്‍ ഭൂമിയിലെ കയ്യേറ്റം എന്ന നിലയില്‍ മുകളിലേക്ക് വിശദീകരണം വില്ലേജില്‍ നിന്നും നല്‍കിയിട്ടും കയ്യേറ്റം നടന്നതില്‍ വാസ്തവം ഉണ്ട് എന്ന് നേരില്‍ ബോധ്യപ്പെട്ട ജില്ലാ കലക്ടര്‍ ഇത് പൊളിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഈ ഉത്തരവും ഇതുവരെ നടപ്പായിട്ടില്ല. ചാനല്‍ ആര്‍.ബി ഇതിനെ സംബന്ധിച്ച് അന്വേഷിച്ചപ്പോള്‍ സ്ഥലം സംബന്ധിച്ച പരാതിയില്‍ ഒരു ഹിയറിംഗ് നടന്നുകൊണ്ടിരിക്കുന്നു എന്നും അത് പൂര്‍ത്തിയായാല്‍ ഉടന്‍ കയ്യേറ്റഭൂമിയിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ചുമാറ്റാന്‍ നടപടികള്‍ ആരംഭിക്കും എന്നുമാണ് അറിയാന്‍ സാധിച്ചത്.
ഉന്നതര്‍ക്ക് വേണ്ടി നിമിഷങ്ങള്‍ക്കകം തീരുമാനങ്ങള്‍ എടുത്ത് നടപ്പിലാക്കുന്ന സര്‍ക്കാര്‍/ ഉദ്യോഗസ്ഥ സംവിധാനം തന്നെ ഒരു സാധാരണക്കാരന്‍ നീതിതേടി എത്തിയാല്‍ വെച്ചുതാമസിപ്പിക്കുന്ന രീതിയാണ് നമുക്ക് ഇതുവരെ കാണാന്‍ സാധിച്ചത്. ജനാധിപത്യം എന്നാല്‍ ജനങ്ങളുടെ ആധിപത്യം എന്നാണ്. അല്ലാതെ, ജനങ്ങളുടെ മേല്‍ ഉള്ള ആധിപത്യമല്ല എന്ന് അധികാരികള്‍ തിരിച്ചറിയണം.
