
കാസര്‍കോട്: വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കാസർകോട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദർശിക്കാത്തതിൽ പ്രതിഷേധം ശക്തം. കൊലപാതകത്തെ അപലപിക്കുന്ന പാർട്ടി നേതൃത്വം എന്ത്കൊണ്ട് മുഖ്യമന്ത്രിയുടെ സന്ദർശനം ഒഴിവാക്കാൻ വാശിപിടിച്ചു എന്നതും പാർട്ടിയെ വെട്ടിലാകുന്നു. വെള്ളിയാഴ്ച്ച രാവിലെ കാസർകോട് പാർട്ടി പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിന്നീട് കാഞ്ഞങ്ങാട്ടേക്ക് പോയെങ്കിലും പെരിയയിലെ കൊലപാതകത്തിന് ഇരയായ കൃപേഷിൻ്റെയും ശരത്ത് ലാനിൻ്റെയും വീട് സന്ദർശിക്കാനോ കുടുംങ്ങങ്ങളെ കാണാനോ തയ്യാറായില്ല.

മുഖ്യമന്ത്രയുടെ സന്ദർശനം ഒഴിവാക്കിയത് കാസർകോട്ടെ പാർട്ടി നേതൃത്വത്തിൻ്റെ തീരുമാനപ്രകാരമാണെന്നാണ് പുറത്തുവരുന്ന വിവരം. ഇത് പാർട്ടിയെ സംസ്ഥാനതലത്തിൽ തന്നെ പ്രതിരോധത്തിലാക്കും എന്നത് പാർട്ടി നേതൃത്വം മറന്നുപോയതാണോ എന്നും ചോദിക്കുന്നവരുണ്ട്. പാർട്ടി പ്രവർത്തകർ പ്രതിയായപ്പോഴും കൊലപാതകം പാർട്ടി നേതൃത്വത്തിൻ്റെ അറിവോടല്ലെന്നാണ് മുഖ്യമന്ത്രയും കാസർകോട്ട് പറഞ്ഞത്.
ചിലർ ചെയ്ത കൊലപാതകം പാർട്ടിക്ക് ഏറ്റെടുക്കേണ്ട ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എം.എൽ.എ അടക്കമുള്ള ജില്ലാ നേതാക്കൾ കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചു എന്ന് യൂ.ഡി.എഫ് ആരോപിക്കുമ്പോഴാണ് അതിനെ ശരിവെക്കുന്ന രീതിയിൽ മുഖ്യമന്ത്രയുടെ ഇന്നത്തെ കാസർകോട് സന്ദർശനം. എന്നാൽ കഴിഞ്ഞദിവസം റവന്യൂ മന്ത്രി കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചിരുന്നു. ഈ സന്ദർശനം സി.പി.എമ്മിന് വിനയായി എന്ന് പറയുന്നവരുമുണ്ട്. എന്നാൽ റവന്യൂ മന്ത്രിയുടെ മനുഷ്യത്വം പോലും മുഖ്യമന്ത്രി കാണിച്ചില്ല എന്നാണ് കൂടുതൽ പേരും പറയുന്നത്. അതെ സമയം കാഞ്ഞങ്ങാട്ടേക്കുള്ള യാത്രാമധ്യേ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്ക് കരിങ്കോടി കാണിച്ചു.
