റമളാനും സ്‌കൂള്‍ ആരംഭവും: സജീവ വിപണി പ്രതീക്ഷിച്ച് വ്യാപാരികള്‍.

  • Post category:news
  • Reading time:1 min read
You are currently viewing റമളാനും സ്‌കൂള്‍ ആരംഭവും: സജീവ വിപണി പ്രതീക്ഷിച്ച് വ്യാപാരികള്‍.

കാസര്‍കോട്: റമളാന്‍ വൃതം ആരംഭിച്ചതും സ്‌കൂള്‍ തുറക്കാനായതും മന്ദഗതിയിലായിരുന്ന വ്യാപാര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് പകര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് വളരെ മന്ദഗതിയിലായിരുന്ന വ്യാപാര മേഖലയാണ് ഇപ്പോള്‍ സജീവമായിരിക്കുന്നത്. റമളാനിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ കടകമ്പോളങ്ങള്‍ സജീവമായിരുന്നു. വാര്‍ഷികാവധിക്ക് അടച്ച സ്‌കൂളുകള്‍ അടുത്താഴ്ച്ച തുറക്കുന്നതും വ്യാപാരികള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. സ്‌കൂള്‍ കുട്ടികളുടെ ഉടുപ്പ്, പുസ്തകങ്ങള്‍, ചെരിപ്പ്, ഷൂസ്, ടിഫിന്‍ ബോക്‌സ്, ബാഗുകള്‍ അടക്കം വരാനിരിക്കുന്ന മഴക്കാലത്തേക്കുള്ള കുടകള്‍ വരെ ചോദിച്ച് വാങ്ങുന്നതിനാല്‍ എല്ലാ വ്യാപാരികളും സജീവ വിപണിയാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. നോട്ട് നിരോധനം മൂലം സജീവമാക്കിയ സ്വയിപ്പിങ് മെഷീന്‍ വഴിയാണ് ഇടപാടുകള്‍ കൂടുതലും നടക്കുന്നതെന്നാണ് വ്യാപാരികള്‍ പറയുന്നത്. പണമായുള്ള ഇടപാടുകള്‍ നടക്കുന്നുണ്ടെങ്കിലും, 2000ത്തിന് വേണ്ട ചില്ലറയില്ലാത്തതും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.

സ്വയിപ്പിങ് മെഷീന്‍ വഴി ഇടപാട് നടത്തുമ്പോള്‍ തന്നെ ചില ബാങ്കിലെ മെഷീനുകള്‍ കേടാകുന്നതും ഇടപാടിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ഇത്തരം കേടായ സ്വയിപ്പിങ് മെഷീനുകള്‍ യഥാസമയം നന്നാക്കി നല്‍കാത്തത ബാങ്കിന്റെ നിലപാടിനെതിരെ വ്യാപാരികള്‍ രംഗത്ത് വരുകയും ചെയ്തിരുന്നു. സ്‌കൂള്‍ സീസണ്‍ അവസാനിക്കുന്നതോടെ വ്യാപാരികളുടെ മുന്നിലുള്ളത് പെരുന്നാള്‍ സീസണാണ്. പെരുന്നാള്‍ കച്ചവടം മുന്നില്‍ കണ്ട് കൊണ്ട് വസ്ത്ര വ്യാപാര മേഖലകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തികരിക്കുന്നതിന്റെ ഭാഗമായി മുംബൈ, ബംഗളൂരു, ഗുജറാത്ത്, ഡല്‍ഹി തുടങ്ങിയ പല സ്ഥലത്തു നിന്നും പര്‍ച്ചേസിങ്ങ് നടത്തുന്ന തിരക്കിലാണ് പല വസ്ത്ര വ്യാപാരികളും.

അത്‌കൊണ്ട് തന്നെ വരും ദിവസങ്ങളില്‍ അവശ്യസാധനങ്ങള്‍ക്കും മറ്റുമായി പൊതുജനം നഗരങ്ങളിലെത്തുന്നതോടെ ഉറങ്ങികിടന്ന വ്യാപാര മേഖല കൂടുതല്‍ സജീവമാകും എന്ന് തന്നെയാണ് വ്യാപാരികള്‍ പറയുന്നത്. മുന്നോട്ടുള്ള ദിനങ്ങള്‍ വ്യാപാരികള്‍ക്ക് ഏറെ പ്രതീക്ഷ ഉളവാക്കുന്നതാണ്. റമളാന്‍ തുടങ്ങിയതോടെ പഴം, പച്ചക്കറി, പലചരക്ക് വ്യാപരവും നിലവില്‍ സജീവമാണ്. എന്നാല്‍ അടുക്കളയില്‍ കൈ കടത്തി കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഗോവധനിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധവും ഇതിനിടെ വ്യാപകമായിരിക്കുകയാണ്.

 

0Shares