
അബൂദബി: റമളാൻ മാസത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങവെ യു.എ.ഇ രാജ്യത്തെ തടവറകളില്‍ നിന്ന് ആയിരക്കണക്കിന് തടവുകാരെ മോചിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇത് സംബന്ധിച്ച് പ്രസിഡന്‍റ് ശൈഖ് ഖലീഫയും ഷാര്‍ജ, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരികളുമാണ് ഉത്തരവുകളിറക്കി. വിവിധ ജയിലുകളില്‍ പല കുറ്റങ്ങളിലായി ശിക്ഷ അനുഭവിച്ചുവരുന്ന 3005 തടവുകാരെ വിട്ടയക്കാനും അവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനുമാണ് പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാൻ്റെ ഉത്തരവ്. ജീവിതത്തിൻ്റെ ഒരു പ്രത്യേക സന്ദര്‍ഭത്തില്‍ കുറ്റങ്ങളില്‍ പെട്ടുപോയ മനുഷ്യര്‍ക്ക് തെറ്റുതിരുത്താനും പുതുജീവിതം ആരംഭിച്ച് കുടുംബങ്ങള്‍ക്ക് സന്തോഷം പകരുവാനും അവസരമൊരുക്കുന്നതിൻ്റെ ഭാഗമായാണ് ഈ മോചനമെന്ന് ശൈഖ് ഖലീഫ പറഞ്ഞു.
ഷാര്‍ജയിലെ ജയിലുകളില്‍ കഴിയുന്ന 377 തടവുകാരെ വിട്ടയക്കാനാണ് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടിട്ടുള്ളത്. ഇതോടെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള തടവുകാര്‍ക്ക് മോചനം ലഭിക്കും. റാസല്‍ഖൈമയിലെ തടവറകളില്‍ നിന്ന് 306 പേരെ വിട്ടയക്കുമെന്നാണ് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ പ്രഖ്യാപനം. ഉമ്മുല്‍ ഖുവൈനിലെ ജയിലുകളില്‍ നിന്നും തടവുകാരുടെ മോചനം സംബന്ധിച്ച് സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയും ഉത്തരവിട്ടിട്ടുണ്ട്.