
കോഴിക്കോട്: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ കളക്ടര്‍ മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രാഹുലിനൊപ്പം പ്രിയങ്ക ഗാന്ധിയും ഒന്നിച്ചാണ് കളക്ട്രേറ്റില്‍ എത്തിയത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്ററില്‍ ഇറങ്ങിയ ശേഷം തുറന്ന വാഹനത്തില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടാണ് രാഹുലും പ്രിയങ്കയും കളക്ട്രേറ്റിലെത്തിയത്.

കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ സമര്‍പ്പിക്കാനുള്ള അവസാനദിവസമാണ് ഇന്ന്. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. 41 പത്രികളാണ് ഇന്നലെ മാത്രം ലഭിച്ചത്. നാളെ പത്രികയുടെ സൂക്ഷ്മ പരിശോധന നടക്കും. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി രാഹുല്‍ വയനാട് എത്തിയതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഹുലിന്‍റെ റോഡ് ഷോയില്‍ പങ്കെടുക്കാന്‍ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്.
പ്രവര്‍ത്തകര്‍ ആവേശത്തില്‍ ആണെങ്കിലും അതീവ സുരക്ഷ നല്‍കുന്നതിന്‍റെ ഭാഗമായി ഗതാഗത നിയന്ത്രണമടക്കമുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കോഴിക്കോട് നിന്നും താമരശേരി ചുരം റോഡിലടക്കം നഗരത്തില്‍ വന്നു പോകുന്ന എല്ലാ വാഹനങ്ങളും കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.മാവോയിസ്റ്റ് സാന്നിധ്യമുള്ള സുഗന്ധഗിരി അടക്കമുള്ള പ്രദേശങ്ങളില്‍ തണ്ടര്‍ബോള്‍ട്ട് പരിശോധന നടത്തുന്നുണ്ട്.
