
കോഴിക്കോട്: കേരളത്തിലെ വയനാട് ലോക് സഭാമണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. നാളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തുന്ന രാഹുലിനൊപ്പം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. ആസാമില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഇന്ന് രാത്രി 8.30ന് കരിപ്പൂരില്‍ എത്തുന്ന രാഹുല്‍, കാര്‍ മാര്‍ഗം കോഴിക്കോട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെത്തും. തുടര്‍ന്ന് യു.ഡി.എഫ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

നാളെ രാവിലെ കാര്‍ മാര്‍ഗം കരിപ്പൂരിലേക്കു പോകും. അവിടെ വെസ്റ്റ് ഹില്ലിലെ വിക്രം മൈതാനിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം കല്‍പ്പറ്റയിലെത്താനാണ് സുരക്ഷാ വിഭാഗത്തിന്‍റെ നിര്‍ദേശം. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച ശേഷം യു.ഡി.എഫ് സമ്മേളനത്തില്‍ പങ്കെടുക്കും. റോഡ് ഷോയും നടത്തും. പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കുമെന്നാണ് സൂചന. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കരിപ്പൂരിലെത്തി വൈകുന്നേരം ഡല്‍ഹിക്കു മടങ്ങും.
രാഹുലിനെ ആനയിച്ച് മണ്ഡലത്തില്‍ റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. രാഹുലിന്‍റെ വരവിനു മുന്നോടിയായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെ.സി. വേണുഗോപാല്‍, മുകുള്‍ വാസ്നിക്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ്എ മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ ഇന്ന് കോഴിക്കോട്ട് യോഗം ചേരും.
