കൊച്ചി: മാധ്യമ മേഖലയില്‍ നിന്ന് രാഷ്ട്രീയ രംഗത്തേക്ക് കളംമാറി ചവിട്ടിയ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം.വി നികേഷ് കുമാര്‍ വീണ്ടും തന്റെ തട്ടകത്തിലേക്ക് തിരിച്ച് വരുന്നു. റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് ഡയറക്ടര്‍ കൂടിയായ നികേഷ് കുമാര്‍ സമീപ ഭാവിയില്‍ കേരളത്തിലെ ദൃശ്യ മാധ്യമ രംഗത്ത് പഴയ വീറും കരുത്തും കാഴ്ച വെച്ചു കൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ ആകര്‍ഷണ കേന്ദ്രമായി മാറുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്നാണ് അദ്ദേഹം മാധ്യമ രംഗത്തോട് വിട പറഞ്ഞത്. അഴീക്കോട് മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്ന നികേഷ് കുമാര്‍ മുസ്ലിം ലീഗിലെ കെ.എം ഷാജിയോടാണ് പരാജയപ്പെട്ടത്. ശുഭ പ്രതീക്ഷയോടെയാണ് നികേഷ് കുമാര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതെങ്കിലും പിന്നീട് കടുത്ത ഇച്ഛാഭംഗത്തോടെ രാഷ്ട്രീയ മണ്ഡലത്തില്‍ നിന്നും പിറകോട്ട് വലിയുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്റെ കുപ്പായം അഴിച്ച് വെച്ച് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ വ്യാപരിക്കാന്‍ തീരുമാനിച്ചുറച്ച അദ്ദേഹം പിന്നീട് പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളെയും ജീവിത സത്യങ്ങളെയും തൊട്ടറിയുകയായിരുന്നു. നികേഷ് കുമാറിന്റെ പഴയകാല സഹപ്രവര്‍ത്തക വീണാ ജോര്‍ജ് കഴിഞ്ഞ നിയമ സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിക്കുകയുണ്ടായി. ജനസ്വീകാര്യതയുടെ ഉത്തമ ദൃഷ്ടാന്തമായിരുന്നു വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് വിജയം. എന്നാല്‍ നികേഷിന്റെ കാര്യത്തില്‍ ജനങ്ങളുടെ തിരസ്‌കാരമാണ് സംഭവിച്ചത്.

രാഷ്ട്രീയ രംഗത്തേക്ക് ചുവടുമാറ്റിയ അദ്ദേഹത്തിന്റെ മനസ്സിലുണ്ടായ എല്ലാ കണക്കൂട്ടലും പിന്നീട് പാളിപ്പോകുകയായിരുന്നു. ഈ തിരിച്ചറിവാണ് രാഷ്ട്രീയം തനിക്ക് വഴങ്ങുന്ന മേഖലയല്ലെന്ന് നികേഷിന് ബോധ്യപ്പെടുത്തിക്കൊടുത്തത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ സാരഥി എന്നതിനപ്പുറം ആ ചാനലില്‍ ആപാദചൂഡം ജ്വലിച്ചു നിന്ന നികേഷിന്റെ അസാന്നിധ്യം വലിയ തളര്‍ച്ചയാണ് അതിന് ഉണ്ടാക്കിയത്. സ്‌ക്രീനില്‍ നിന്നും പ്രേക്ഷകരുടെ കണ്‍വെട്ടത്തു നിന്നും മാറി നിന്നപ്പോള്‍ അത് റിപ്പോര്‍ട്ടര്‍ ടിവിക്കെന്ന പോലെ നികേഷ് കുമാറിനും ഗണനീയമായ ദോഷമാണ് ഉളവാക്കിയത്. ചുരുക്കത്തില്‍ രാഷ്ട്രീയ രംഗത്തുമില്ല, ദൃശ്യ മാധ്യമ രംഗത്തുമില്ല എന്ന അവസ്ഥയായിരുന്നു കുറേക്കാലമായി നികേഷ് കുമാറിന്റേത്. എന്തായാലും അദ്ദേഹം ഇനി സജീവമായി തിരിച്ചു വരുന്നതോടെ റിപ്പോര്‍ട്ടര്‍ ടിവിയുടെ മുഖഛായ തന്നെ മാറ്റാന്‍ ശ്രമിക്കുമെന്ന് കരുതേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ടറില്‍ പുതിയ ടെലിവിഷന്‍ ഷോ അവതരിപ്പിക്കാനൊരുങ്ങുകയാണ് അദ്ദേഹം. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ‘എന്റെ ചോര തിളയ്ക്കുന്നു’ എന്ന ഷോയുമായാണ് നികേഷിന്റെ രണ്ടാം വരവ്. റിപ്പോര്‍ട്ടര്‍ ടിവി നാല് പരിപാടികളാണ് തുടങ്ങാനിരിക്കുന്നത്. അതിലൊന്ന് ‘നികേഷിന്റെ എന്റെ ചോര തിളയ്ക്കുന്നു’ ആണ്. ഈമാസം 20ന് ആദ്യ ഷോ സംപ്രേഷണം ചെയ്യും. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8 മുതല്‍ 9 വരെയായിരിക്കും ഈ ഷോ. ന്യൂസ് റൂമുകളില്‍ ഒതുങ്ങുന്ന ചര്‍ച്ചയായിരിക്കില്ല പ്രോഗ്രാം. വിവിധ സ്ഥലങ്ങളില്‍ ഒരുക്കുന്ന തല്‍സമയ സംവാദമാണിത്. സാധാരണ ന്യൂസ് റൂമില്‍ നടക്കുന്ന ചര്‍ച്ചകളാണ് ചാനലുകളില്‍ ഇതുവരെ കണ്ടിട്ടുള്ളത്. അതില്‍ നിന്ന് വ്യത്യസ്തമായി ഓരോ ദിവസവും സംഭവം നടന്ന സ്ഥലത്ത് എത്തി സംവാദം സംഘടിപ്പിക്കുന്നതാണ് ഷോ. ഇത്തരം ചര്‍ച്ചകളില്‍ സ്വാഭാവികമായും ജനങ്ങളുടെ ഇടപെടലുമുണ്ടാവും. വ്യത്യസ്തമായ പരിപാടി ഏറെ ശ്രദ്ധിക്കപ്പെടുമെന്നാണ് ചാനലിന്റെ അണിയറ പ്രവര്‍ത്തകര്‍ കരുതുന്നത്. വിവിധ സ്റ്റുഡിയോകളില്‍ അതിഥികളുണ്ടാവും. ഇവരോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ചാനല്‍ അവതാരകനല്ല, പകരം ജനങ്ങളായിരിക്കും. ജനങ്ങളുടെ ചോദ്യങ്ങള്‍ക്കാണ് അതിഥികള്‍ മറുപടി നല്‍കേണ്ടി വരിക.