
പീതാംബരന്‍ കുറ്റിക്കോല്‍
കാസര്‍കോട്: പ്രസിഡണ്ട് സ്ഥാനം രണ്ടരവര്‍ഷക്കാലം വീതം പങ്കിടാമെന്ന മുന്‍ധാരണാ പത്രത്തില്‍ മഷിമറിച്ച് കോണ്‍ഗ്രസും ബി.ജെ.പി യും ഒരേ തൂവല്‍ പക്ഷികളായി കുറ്റിക്കോല്‍ പഞ്ചായത്തില്‍ കൂട്ടുഭരണം തുടരുന്നു. കോണ്‍ഗ്രസിലെയും ബി.ജെ.പി യിലെയും എല്ലാ അംഗങ്ങളും ചേര്‍ന്ന് എടുത്ത തീരുമാനമാണ് വെള്ളത്തില്‍ വരച്ച വരയായത്. ഭരണത്തിനുവേണ്ടി ബി.ജെ.പി യെ ഒക്കത്തിരുത്തിക്കൊണ്ടുള്ള കോണ്‍ഗ്രസിൻ്റെ പൊറാട്ടുനാടകം കണ്ട് ജനങ്ങള്‍ പരിഹസിച്ചു. കൂട്ടുമുന്നണി ഭരണത്തില്‍ കോണ്‍ഗ്രസിലെ പി.ജെ ലിസിയാണ് പ്രസിഡണ്ട്. വൈസ് പ്രസിഡണ്ട് സ്ഥാനാനാര്‍ത്ഥി ബി.ജെ.പി യിലെ വി ദാമോദരനെ വോട്ടുനല്‍കി വിജയിപ്പിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങളെ പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നു.
രണ്ടരവര്‍ഷം കഴിഞ്ഞാല്‍ പി.ജെ ലിസി ബി.ജെ.പിക്ക് പ്രസിഡണ്ട് സ്ഥാനം ഒഴിഞ്ഞുകൊടുത്ത് ബി.ജെ.പി വഹിച്ച വൈസ് പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാല്‍ സുനീഷ് ജോസഫ് വഹിച്ചിരുന്ന ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബി.ജെ.പി അംഗം ധര്‍മാവതിക്ക് നല്‍കി തൃപ്തിപ്പെടുത്തി പ്രസിഡണ്ട് സ്ഥാനം കോണ്‍ഗ്രസ് വിമത അംഗങ്ങള്‍ ഉറപ്പിക്കുകയായിരുന്നു. യു.ഡി.എഫിലെ അഞ്ചംഗങ്ങളും ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളും ചേര്‍ന്നാണ് സ്വതന്ത്രനായ സുനീഷ് ജോസഫിൻ്റെ പിന്തുണയോടെ കുറ്റിക്കോല്‍ പഞ്ചായത്ത് ഭരിച്ചുകൊണ്ടിരിക്കുന്നത്. പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയെയും സ്വതന്ത്രസ്ഥാനാര്‍ഥിയായി ജയിച്ച സുനീഷ് ജോസഫ് പിന്തുണച്ചിരുന്നു. അതിനിടയില്‍ സുനീഷ് ജോസഫ് തല്‍സ്ഥാനം രാജി വെച്ചു. ജൂണ്‍ മൂന്നിനാണ് സുനീഷ് ജോസഫ് രാജിക്കത്ത് നല്‍കിയതായി വാര്‍ത്ത വന്നത്. മുന്‍ കോണ്‍ഗ്രസ് നേതാവും പഞ്ചായത്തംഗവും ചേര്‍ന്ന് തന്നെ ട്രാപ്പിലാക്കി രാജിവെപ്പിക്കുകയായിരുന്നുവെന്ന് കുറ്റിക്കോല്‍ പഞ്ചായത്തംഗം സുനീഷ് ജോസഫ് പറഞ്ഞു. മുന്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എ.ടി ജോസഫും, കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പഞ്ചായത്തംഗം ജോസഫ് പാറത്തട്ടേലും ചേര്‍ന്ന് രാജി എഴുതി വാങ്ങിക്കുകയായിരുന്നുവെന്നും തൻ്റെ രാജി സ്വീകരിക്കരുതെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയതായും സുനീഷ് ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വാര്‍ഡില്‍ തന്നെ വിജയിപ്പിച്ച കമ്മിറ്റിയുമായി ആലോചിക്കാതെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ബിജെപിക്കു വേണ്ടി രാജി വെക്കേണ്ടി വന്നിരുന്നു. ഇക്കാര്യത്തില്‍ പല ഭാഗത്തു നിന്നും വിമര്‍ശനവും സമ്മര്‍ദവും രൂക്ഷമായതിനെ തുടര്‍ന്നാണ് രാജി നല്‍കാന്‍ തീരുമാനിച്ചതെന്ന് സുനീഷ് വ്യക്തമാക്കി. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്തിലെ അവിയല്‍ മുന്നണി ഭരണത്തില്‍ നിന്ന് ബി.ജെ.പി യുടെ വൈസ് പ്രസിഡണ്ടിനെ താഴെയിറക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് ഇടതുപക്ഷം കൊണ്ട് വന്ന അവിശ്വാസപ്രമേയം വിജയിച്ചിരുന്നില്ല. ആര്‍.എസ്.പി അംഗം അന്ന് വലതുപക്ഷത്ത് തന്നെ ഉറച്ചുനില്‍ക്കുകയായിരുന്നു. ആകെ 16 സീറ്റുകളാണുള്ളത്. അതില്‍ സി.പി.എം- 6, സി.പി.ഐ- 1, കോണ്‍ഗ്രസ്- 4, ബി.ജെ.പി- 3, ആര്‍.എസ്.പി- 1, സ്വതന്ത്രന്‍- 1 എന്നിങ്ങനെയാണ് കക്ഷികളുടെ സീറ്റുനില.