
ന്യൂഡല്‍ഹി: വ്യാജമദ്യ റാക്കറ്റിനെ പിടികൂടാന്‍ സഹായിച്ച സ്ത്രീയെ നഗ്നയാക്കി നടത്തിച്ചെന്ന് പരാതി. ഡല്‍ഹിയിലെ നരേലയിലാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. കള്ളവാറ്റുകാരെ സഹായിക്കുന്ന പ്രദേശത്തെ സ്ത്രീകളടക്കമുള്ളവരാണ് സ്ത്രീയെ മര്‍ദ്ദിച്ചവശയാക്കി വസ്ത്രങ്ങള്‍ വലിച്ചുകീറി നഗ്നയാക്കി നടത്തിച്ചത്. പരിശോധനക്കിടെ നരേല പ്രദേശത്തെ വ്യാജ മദ്യം വില്‍പ്പനയെക്കുറിച്ച് പോലീസിനേയും ഡല്‍ഹി വനിത കമ്മീഷനെയും സഹായിച്ച സ്ത്രീയെ നിരവധി പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് വനിത കമീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പറഞ്ഞു. 25ലധികം പേരടങ്ങുന്ന സംഘം ഇരുമ്പ് വടികള്‍ ഉപയോഗിച്ചാണ് ആക്രമിച്ചത്.

‘ഞെട്ടലുളവാക്കുന്നതും നാണം കെട്ടതും’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ ഇടപെടണമെന്നും റാക്കറ്റിനുവേണ്ടി രഹസ്യമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ലഫ്റ്റനന്‍റ് ഗവര്‍ണര്‍ അനില്‍ ബൈജാലിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേസില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ക്ക് നേരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ മുഴുവന്‍ പകര്‍ത്തിയ ക്രിമിനലുകള്‍ ഇത് പ്രദേശത്ത് പ്രചരിപ്പിച്ചിട്ടുമുണ്ട്. നരേലയില്‍ പൂര്‍ണ അരാജകത്വമാണെന്നും നിയമത്തെ ആര്‍ക്കും തെല്ലും ഭയമില്ലെന്നും നിഷ്ക്രിയരാണെന്നുമാണ് സംഭവം തെളിയിക്കുന്നതെന്നും സ്വാതി പറഞ്ഞു.
മദ്യ റാക്കറ്റിനെതിരെ ശബ്ദമുയര്‍ത്തരുതെന്ന് അക്രമികള്‍ തന്നോട് ആവശ്യപ്പെട്ടതായി അക്രമത്തിനിരയായ സ്ത്രീ പറഞ്ഞു. തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നത് സ്വാതിയായാലും മറ്റാരായാലും ഇതുതന്നെയായിരിക്കും അനുഭവമെന്ന് അക്രമികള്‍ ഭീഷണിപ്പെടുത്തിയതായി അക്രമിക്കപ്പെട്ട സ്ത്രീ പറഞ്ഞു. സ്വാതി മലിവാല്‍ തനെ ട്വിറ്ററിലൂടെയാണ് ഇവരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. ഇക്കാര്യത്തില്‍ എന്ത് നടപടിയെടുത്തുവെന്ന് വനിത കമിഷന് മുന്നില്‍ ഹാജരായി വിശദീകരിക്കണമെന്ന് രോഹിണി ജില്ലയിലെ പോലീസ് സുപ്രണ്ടിനോട് സ്വാതി ആവശ്യപ്പെട്ടിട്ടുണ്ട്.
