
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡയബറ്റിക് രോഗികളുള്ള സംസ്ഥാനം കേരളമാണെന്നും നല്ല ആരോഗ്യശീലം കൊണ്ട് ഇതിന് മാറ്റമുണ്ടാകണമെന്നും സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ. കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയുടെ ഡയാലിസിസ് സെൻറർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.
നമ്മുടെ രാജ്യത്ത് ആഭ്യന്തര വരുമാനത്തിന്‍റെ ഒരുശതമാനം മാത്രമാണ് ഇപ്പോൾ ആരോഗ്യമേഖലയ്ക്ക് ചെലവഴിക്കുന്നത്. അതേസമയം അമേരിക്ക, യു.കെ. പോലുള്ള വികസിത രാജ്യങ്ങളില്‍ ഇത് പത്ത് മുതൽ 15 ശതമാനം വരെയാണ്.കേരളത്തില്‍ മൂന്ന് വർഷം മുൻപ് ശിശുമരണനിരക്ക് ആയിരത്തിന് 12 ആയിരുന്നത് നിലവില്‍ എട്ടായിക്കുറഞ്ഞിട്ടുണ്ട്.സമാനമായി മാതൃമരണനിരക്ക് 67-ൽനിന്ന് 46 ആയി കുറയ്ക്കാനും കഴിഞ്ഞു.
മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കിഫ്ബിയുടെ സഹായത്തോടെയാണ് തൃക്കരിപ്പൂരിലെ ഡയാലിസിസ് സെൻറർ അനുവദിച്ചത്. ആശുപത്രിയില്‍ ആകെ ഏഴ് ഡയാലിസിസ് യൂണിറ്റാണ് അനുവദിച്ചിട്ടുള്ളത്. ഇവയില്‍ അഞ്ചെണ്ണമായിരിക്കും പ്രവർത്തിപ്പിക്കുക, ശേഷിക്കുന്ന രണ്ടെണ്ണം റിസർവായി സൂക്ഷിക്കും.

ആദ്യ ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്ന അഞ്ച് യൂണിറ്റുകൾ കൊണ്ട് ഒരുമാസത്തിൽ ഷിഫ്റ്റായി 120 രോഗികൾക്ക് ഡയാലിസിസ് ചെയ്യാൻ കഴിയും. ആശുപത്രിക്കായി വീണ്ടും മൂന്ന് ഡയാലിസിസ് യൂണിറ്റ് കൂടി അനുവദിക്കുമെന്നും പ്രസവവാർഡ് നിർമിക്കാൻ നടപ്പടിയെടുക്കുമെന്നും തൃക്കരിപ്പൂർ താലൂക്ക് ആസ്പത്രിയിൽ സൂപ്രണ്ടിന്‍റെ തസ്തിക അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
ഉദ്ഘാടന ചടങ്ങില്‍ എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, തൃക്കരിപ്പൂർ ഡഞ്ചായത്ത് പ്രസിഡന്റ് വി.പി ഫൗസിയ, വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി അബ്ദുൾ ജബ്ബാർ, ജില്ലാ പഞ്ചായത്ത് അംഗം പി.സി സുബൈദ, പി.വി പദ്‌മജ, കെ.നാരായണൻ, സി. രവി, സത്താർ വടക്കുമ്പാട്, ഡോ. കെ.എച്ച് മനോജ് എന്നിവർ സംസാരിച്ചു.
