
കാസര്‍കോട്: രാജ്യത്തെ മുഴുവൻ മതേതര ശക്തികൾ ബി.ജെ.പിക്കെതിരേ അണിചേരുമ്പോഴും ഇടതുപക്ഷം കോണ്‍ഗ്രസ് ആണോ ബി.ജെ.പി ആണോ മുഖ്യശത്രു എന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. എന്ന് ഇവരുടെ ചർച്ച തീരുമെന്നും ബി.ജെ.പിക്കെതിരേ വാതോരാതെ സംസാരിക്കുന്നവർ ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ആർക്കൊപ്പമാണെന്ന് പ്രഖ്യാപിക്കണമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി എം.പി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ നടത്തുന്ന ‘പടയൊരുക്കം’ യാത്രയ്ക്ക് മുന്നോടിയായി കാസര്‍കോട് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

എൽ.ഡി.എഫിന്‍റെ ജനജാഗ്രത യാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ സ്വർത്തക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തിൽ കയറി വിവാദമുണ്ടായതിന് മറുപടിയല്ല യു.ഡി.എഫ് നേതാക്കൾ അബ്ദുൾ ലെയ്സ് എന്ന കുറ്റവാളിക്കൊപ്പം നിൽക്കുന്ന ചിത്രം. ചിത്രങ്ങളെ എങ്ങനെ വേണമെങ്കിലും എടുക്കാം. സി.പി.എം അകപെട്ട വിവാദത്തിൽ നിന്നും രക്ഷപെടാനാണ് യു.ഡി.എഫ് നേതാക്കളുടെ ഫോട്ടോ പ്രചരിപ്പിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
