
തിരുവനന്തപുരം: രാജ്യത്തെ അങ്കണവാടികള്‍ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കാനുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. 4000 ധാരണാപത്രത്തില്‍ ബഹുരാഷ്ട്ര കമ്പനിയായ വേതാന്തയുടെ അനുബന്ധസ്ഥാപനമായ ‘കെയ്ന്‍ ഇന്ത്യ’യുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം ഒപ്പുവെച്ചു. പദ്ധതിയുടെ ധാരണാപത്രത്തില്‍ കേന്ദ്ര വനിതാ-ശിശുക്ഷേമ വകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. രാജേഷ് കുമാറും കെയ്ന്‍ ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ മായങ്ക് അഷറുമാണ് കഴിഞ്ഞദിവസം ഒപ്പിട്ടത്. ഇതുപ്രകാരം 4000 പുതുതലമുറ അങ്കണവാടികള്‍ നിര്‍മിക്കും. ആധുനിക സൗകര്യങ്ങളോടെ അങ്കണവാടി കെട്ടിടങ്ങള്‍ നിര്‍മിച്ചുനല്‍കുമ്പോള്‍ പകരമായി പകുതി പ്രവൃത്തിസമയം കെട്ടിടം സ്പോണ്‍സര്‍ ചെയ്യുന്ന കമ്പനിയുടെ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കണമെന്നാണ് വ്യവസ്ഥ. കെട്ടിടം നിര്‍മിക്കാനുള്ള സ്ഥലം അതത് സംസ്ഥാന സര്‍ക്കാര്‍ നല്‍കണം. സൗരോര്‍ജ പാനലുകള്‍, ടി.വി., വൃത്തിയുള്ള ശൗചാലയം, ശുദ്ധമായ കുടിവെള്ളം, നല്ല ഇരിപ്പിടങ്ങള്‍ എന്നീ സൗകര്യങ്ങള്‍ കമ്പനി ഏര്‍പ്പെടുത്തും.
അസം, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, ഒഡിഷ, രാജസ്ഥാന്‍, തെലങ്കാന, യു.പി. എന്നീ സംസ്ഥാനങ്ങളിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ രാജ്യത്ത് നാല്‍പ്പതിനായിരത്തോളം അങ്കണവാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രീ-പ്രൈമറി കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കുമുള്ള പോഷകാഹാരങ്ങള്‍ വിതരണം ചെയ്യുന്നത് അങ്കണവാടികള്‍ വഴിയാണ്. അങ്കണവാടികള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിനെതിരേ ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ രംഗത്തുവന്നിട്ടുണ്ട്.