
തിരുവനന്തപുരം: രാജ്യത്തെ വര്‍ഗീയശക്തികളെയും യാഥാസ്ഥിതികരെയും ഒറ്റപ്പെടുത്താന്‍ ജനം കൈ കോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കു നേരെ വലിയ കടന്നാക്രമണങ്ങളാണ് നടന്നത്. എന്നാല്‍ നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിന്തുടര്‍ച്ച കേരളത്തില്‍ ഉണ്ടായതു കൊണ്ടാണ് സാമൂഹികമായ ഒട്ടേറെ മാറ്റം ഉണ്ടാക്കാനായതെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ദളിത് ജനവിഭാഗം അനുഭവിക്കുന്ന ദുരവസ്ഥ ചര്‍ച്ച ചെയ്യാതെ ഇനി മുന്നോട്ട് പോകാനാവില്ല. ദളിതരെ നഗ്‌നരാക്കിയും കെട്ടിയിട്ടും ക്രൂരമായി മര്‍ദ്ദിക്കുന്ന സ്ഥിതിയുണ്ടായി. ഇതുപോലുള്ള ജാതീയമായ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ഭരണാധികാരികള്‍ ചെറുവിരല്‍ അനക്കിയില്ല.
രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട അവസ്ഥ കേരളത്തിലുണ്ട്. കാരണം, നമ്മുടെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഇടപെടലാണ് ഈ മാറ്റങ്ങള്‍ക്ക് പിന്നില്‍. നവോത്ഥാന പ്രസ്ഥാനങ്ങളുടെ പിന്തുടര്‍ച്ച കേരളത്തില്‍ ഉണ്ടായതു കൊണ്ടാണ് സാമൂഹ്യമായ ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കാനായത്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും പൊതുവഴിയിലൂടെ നടക്കാനും മാറു മറയ്ക്കാനും മുട്ടിന് താഴെ മുണ്ടുടുക്കാനും സ്‌കൂളില്‍ പഠിക്കാനുമെല്ലാം എല്ലാവര്‍ക്കും സാധിച്ചത് നിരവധി പോരാട്ടങ്ങളിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു.
