കാസര്‍കോട്: റിപോര്‍ട്ടിങും എഡിറ്റിംഗും സംപ്രേഷണവും ഉള്‍പ്പെടെ പൂര്‍ണതോതിലുള്ള പരിശീലനവുമായി ഇന്ത്യയില്‍ ആദ്യമായി ക്യാമ്പിന് കാസര്‍കോട് ഉപ്പളയില്‍ തുടക്കമായി. ജില്ലയിലെ 3246 ലിറ്റില്‍ കൈറ്റ്സ് അംഗങ്ങളെ കുട്ടിറിപ്പോര്‍ട്ടര്‍മാരായി സജ്ജമാക്കുന്നതിനാണ് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) പരിശീലന ക്യാമ്പ് സംഘടിപ്പിച്ചത്. പഠന പ്രവര്‍ത്തനങ്ങള്‍ക്ക് ഡിജിറ്റല്‍ ഉള്ളടക്കം തയ്യാറാക്കുന്നതോടൊപ്പം വിദ്യാലയങ്ങളില്‍ നിന്നുള്ള വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും തയ്യാറാക്കി റിപ്പോര്‍ട്ടു ചെയ്യും ഇവര്‍. ജി.എച്ച്.എസ്.എസ് ഉപ്പളയില്‍ നടന്ന ക്യാമ്പില്‍ ജില്ലയില്‍ ആകെയുള്ള 112 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളില്‍ നിന്ന് തെരഞ്ഞെടുത്ത 332 അംഗങ്ങള്‍ക്ക് 15 കേന്ദ്രങ്ങളില്‍ വച്ച് രണ്ടുദിവസത്തെ പരിശീലനം നല്‍കും.
ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് പഠന വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനും സ്‌കൂളുകളില്‍നിന്ന് കൈറ്റ് വിക്ടേഴ്സ് വിദ്യാഭ്യാസ ചാനലിലൂടെ സംപ്രേഷണത്തിന് അനുയോജ്യമായ വാര്‍ത്തകളും വിഭവങ്ങളും തയാറാക്കുന്നതിനും കുട്ടി റിപ്പോര്‍ട്ടര്‍മാരെ പ്രാപ്തരാക്കുന്ന വിധത്തിലാണ് പരിശീലനം. വാര്‍ത്ത കണ്ടെത്തല്‍, സ്‌ക്രിപ്റ്റ് രചന, ക്യാമറയുടെ പ്രവര്‍ത്തനം, ഫോട്ടോഗ്രഫി, വീഡിയോ ഷൂട്ടിംഗ്, ഓഡിയോ റെക്കോര്‍ഡിംഗ്, ഓഡിയോ മിക്സിംഗ്, വീഡിയോ എഡിറ്റിംഗ്, ടൈറ്റിലിങ്ങ്, ആങ്കറിംഗ് എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിശീലനത്തിന്റെ ഭാഗമാണ്. കുട്ടിറിപ്പോര്‍ട്ടര്‍മാര്‍ തയ്യാറാക്കുന്ന വീഡിയോകള്‍ ഹൈടെക് സ്‌കൂളുകളിലെ ഡിജിറ്റല്‍ ശൃംഖലവഴി കേന്ദ്രീകൃത സെര്‍വറിലേക്ക് സ്‌കൂളുകള്‍ക്ക് അപ്ലോഡുചെയ്യാനും കൈറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.