
കാസര്‍കോട്: മൂന്നാംവയസില്‍ മരിച്ച രമേശനും രണ്ടാംവയസില്‍ മരിച്ച സുകന്യക്കും ഭൂമിയില്‍ വച്ച് വിവാഹം. വിഭവസമൃദ്ധമായ സദ്യ ഒരുക്കി ബന്ധുക്കള്‍. കൊട്ടും കുരവയും ഗംഭീരമായിരുന്നു. നവവധുവും വരനുമില്ലാതെ കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമമായ പെര്‍ളയിലെ പ്രേത വിവാഹ ചടങ്ങുകള്‍ ഏവരെയും ആശ്ചര്യപ്പെടുത്തി. ദമ്പതികള്‍ പരലോകത്ത് ദാമ്പത്യത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടാകുമെന്നാണ് ബന്ധുക്കള്‍ വിശ്വസിക്കുന്നത്. ചെറുപ്പത്തിലേ മരിച്ച രമേശനും സുകന്യയും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഇപ്പോള്‍ വിവാഹപ്രായമാകുമായിരുന്നു. ഇതു കണക്കാക്കിയാണ് ഇപ്പോള്‍ ബന്ധുക്കള്‍ ചടങ്ങ് നടത്തിയത്. നിരവധി പേരെ കഴിഞ്ഞ ദിവസം നടന്ന കല്യാണത്തിന് ക്ഷണിച്ചിരുന്നു. എല്ലാവരും ദമ്പതികളെ ഓര്‍ത്ത് കരയും. കൂടെ സദ്യ കഴിച്ചുപിരിയുകയും ചെയ്യും. കുടുംബത്തിനും ഗ്രാമത്തിനുമുള്ള ദോഷപരിഹാരം തീരാന്‍ വേണ്ടിയാണ് ഇത്തരം പ്രേതകല്യാണങ്ങള്‍. ഗ്രാമത്തിലെ യുവതീയുവാക്കള്‍ക്ക് മംഗല്യഭാഗ്യവും ഇതുവഴിയുണ്ടാകുമെന്നാണ് പ്രേതക്കല്യാണം നടത്തുന്നവര്‍ കരുതുന്നത്. കൂടുതലും വിവാഹം നേരത്തെ ഉറപ്പിച്ച ശേഷം മരിച്ചുപോയവരുടെ കല്യാണമാണ് ഇതുപോലെ നടത്തുന്നത്.സ്വന്തം സമുദായത്തില്‍പ്പെട്ടവരെ മാത്രമേ കല്യാണം കഴിക്കൂ. വധുവിന് സൗന്ദര്യം വേണമെന്നതും നിര്‍ബന്ധമാണ്. നാട്ടുകാര്‍ക്ക് കല്യാണക്കുറി നല്‍കിയാണ് ചടങ്ങിന് ക്ഷണിക്കുക. വിവാഹം വധുവിന്റെ വീട്ടിലാണ് നടക്കുക.
വധുവും വരനുമില്ലെങ്കിലും അവരുടെ രൂപം തയ്യാറാക്കി വയ്ക്കും. രൂപങ്ങളെ അലങ്കരിക്കുകയും ചെയ്യും. മോതിരം കൈമാറും, മാലയിടും എല്ലാം പതിവ് കല്യാണങ്ങള്‍ പോലെ തന്നെ. ശേഷം ഗൃഹപ്രവേശനത്തിന് ശേഷം വധൂവരന്‍മാരെ പാലച്ചോട്ടില്‍ കുടിയിരുത്തും. ഈ സമയം പരലോകത്തിരുന്ന് ഇരുവരും എല്ലാം കാണുകയും ആദ്യരാത്രിയില്‍ പ്രവേശിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.ജോല്‍സ്യന്‍ നിര്‍ദേശിക്കപ്പെട്ടാല്‍ മരിച്ചുപോയ പുരുഷന് ആദ്യം പെണ്ണിനെ കണ്ടെത്തും. സ്വന്തം സമുദായത്തില്‍പ്പെട്ട മരിച്ചുപോയ അവിവാഹിതയെ ആണ് വധുവായി കണ്ടെത്തുക. പിന്നീട് കല്യാണത്തിനുള്ള എല്ലാ ചടങ്ങുകളും മുറതെറ്റാതെ നടക്കും.ആദ്യരാത്രിയില്‍ ആത്മാക്കളെ അവരുടെ പാട്ടിനുവിടുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും.വിവാഹിതരാകാതെ മരിക്കുന്നവരുടെ ആത്മാക്കള്‍ക്കു മോക്ഷം ലഭിക്കില്ലെന്നും അവര്‍ വീട്ടുകാര്‍ക്കു ശല്യമുണ്ടാക്കുമെന്നുമാണ് ഈ ആചാരത്തിനു പിന്നിലെ വിശ്വാസം