ലണ്ടന്‍: ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയിലെ രണ്ടാം സെമിയില്‍ ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. നിര്‍ണായക പോരാട്ടത്തില്‍ നിലവിലെ ഒന്നാം നമ്പര്‍ ടീമായ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് സെമിയിലേക്ക് ഇന്ത്യ ടിക്കറ്റെടുത്തപ്പോള്‍ കരുത്തരായ ന്യൂസിലന്‍ഡിനെ അട്ടിമറിച്ചാണ് ബംഗ്ലാദേശ് സെമിയില്‍ കടന്നത്. നിലവിലെ ഫോമില്‍ ബംഗ്ലാദേശ് ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുമെന്നത് ഉറപ്പാണ്. ഇന്ന് നടക്കുന്ന സെമിഫൈനലിന്‍ മഴ ഭീഷണി ഉണ്ട്.

മഴമൂലം ഉപേക്ഷിക്കേണ്ടിവന്നാല്‍ സൂപ്പര്‍ ഓവറിലൂടെ ഫലം നിശ്ചയിക്കും. ഇരു ടീമുകളും ഒരോവര്‍ വീതം കളിച്ച് വിധി നിര്‍ണയിക്കും. ബി ഗ്രൂപ്പില്‍ ചാമ്പ്യന്മാരായാണ് ഇന്ത്യയുടെ വരവ് . ബംഗ്ലാദേശിനെ അപേക്ഷിച്ച് ഗ്രൂപ്പ് സ്റ്റേജില്‍ കൂടുതല്‍ വിജയവും കൂടുതല്‍ പോയിന്റും കൂടുതല്‍ റണ്‍റേറ്റും ഇന്ത്യയ്ക്കാണ് എന്നാലും മികച്ച ഫോമില്‍ കളിക്കുന്ന ബംഗ്ലാദേശിനെ അത്ര ചെറുതായി കാണാന്‍ കഴിയില്ല.