
പീതാംബരൻ കുറ്റിക്കോൽ
സംസ്ഥാന സ്കൂള്‍ കലോത്സവ അരങ്ങിൽ മകൾ ലാസ്യ-ഭാവങ്ങളിൽ നിറഞ്ഞാടുമ്പോൾ അമ്മ വേദിയിൽ കണ്ണീർ പൊഴിക്കുകയായിരുന്നു. രണ്ടുവർഷങ്ങൾക്കപ്പുറം വീടുവിറ്റ് ദുഃഖത്തോടെ കലോത്സവത്തിനെത്തിയ ഓർമകളായിരുന്നു ഒരമ്മയുടെ മനസ്സിൽ. അമ്മയുടെയും മകളുടെയും പരാധീനത മനസിലാക്കി താരസംഘടന വീടുവെക്കാൻ സഹായിച്ചു. എന്നാലിപ്പോൾ കടംകയറി ആ വീടും വിൽക്കേണ്ട അവസ്ഥയിൽ സങ്കടത്തിലുമാണ്. സ്വന്തം അമ്മയ്ക്കും സിനിമ സംഘടന അമ്മയ്ക്കും ഇപ്പോൾ ഒരേയൊരു മകൾ മിനു മാത്രമാണ്.

രണ്ടാം വയസിൽ അച്ഛൻ ഉപേക്ഷിച്ചു പോയപ്പോൾ പെറ്റമ്മയായ സീമയുടെ പോരാട്ടത്തിന്‍റെ താരം കൂടിയാണിവൾ. കേരളനടനത്തിലും നാടോടിനൃത്തത്തിലും സംസ്ഥാന തലത്തിൽ എ ഗ്രേഡ് നേടിയ മിനു ആദ്യമായാണ് മോഹിനിയാട്ട മൽസരത്തിൽ സംസ്ഥാനത്ത് മത്സരിക്കുന്നത്.
വീടുകളിൽ ചെന്ന് വസ്ത്രങ്ങൾ വിറ്റാണ് സീമ കുടുംബം പുലർത്തുന്നത്. അമ്മൂമ്മ സാവിയമ്മയാണ് സീമയ്ക്കും മകൾക്കും കൂട്ടുള്ളത്. സീമയുടെ ജീവിത പോരാട്ടവും മിനുവിന്‍റെ കലയോടുള്ള അഭിനിവേശവുമാണ് താരസംഘടന സഹായത്തിന് എത്താനിടയായത്. ആലപ്പുഴ മാരാരികുളത്ത് നികുഞ്ജo എന്ന ഇവരുടെ വീട് സിനിമാക്കാരുടെ അമ്മ സമ്മാനമാണ്. പാണക്കാട് ശിഹാബ് തങ്ങൾ ഫൗണ്ടേഷന്‍റെ വിദ്യാഭ്യാസ സഹായം ലഭിച്ചു.
ഇവരുടെ അവസ്ഥയറിഞ്ഞു കണ്ണൂരിലെ കലാക്ഷേത്രയിലെ നൃത്താധ്യാപകനായ പ്രസാദ് ഭാസ്കർ ആലപ്പുഴയിലെത്തി ചെറിയ ചെലവിൽ നൃത്തം അഭ്യസിപ്പിക്കുന്നു. കലാമണ്ഡലം അത്രിയും, സജി വാരനാടും സഹായികളാണ്. വിപിൻ കൊമ്മാടിയാണ് മെയ്ക്കപ്പ് സൗജന്യമായി ചെയ്തുകൊടുക്കുന്നത്. ആലപ്പുഴ സെയ്ന്റ് ജോസഫ്സ് സ്കൂൾ പ്ലസ്ടു വിദ്യാർത്ഥിനിയായ മിനുവിനെ സ്കൂളും സഹായിക്കുന്നു. കൂടുതൽ സഹായ ഹസ്തങ്ങൾ മിനുവിന് ആവശ്യമാണ്.
