യേശുദാസിന് വക്കാലത്തുമായി ഗായകന്മാരെത്തി; അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗായകരുടെ സംഘടന

  • Post category:news
  • Reading time:1 min read
You are currently viewing യേശുദാസിന് വക്കാലത്തുമായി ഗായകന്മാരെത്തി; അനാവശ്യ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഗായകരുടെ സംഘടന

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഗായകന്‍ യേശുദാസിനെതിരെ നടത്തുന്ന അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് ഗായകരുടെ സംഘടനയായ സമം. പുരസ്‌കാരം സ്വീകരിച്ചതിന് ചലച്ചിത്ര പ്രവര്‍ത്തകര്‍ ഗാനഗന്ധര്‍വ്വനെതിരെ നടത്തുന്ന സംസ്‌കാര ശൂന്യമായ പ്രസ്താവനകള്‍ അവസാനിപ്പിക്കണമെന്നാണ് സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ രാഷ്ട്രപതി പതിനൊന്ന് പേര്‍ക്ക് മാത്രമേ നേരിട്ട് പുരസ്‌കാരം നല്‍കുകയുളളുവെന്ന് കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന് 68 ഓളം സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങ് ബഹിഷ്‌കരിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ബഹിഷ്‌കരണത്തില്‍ നിന്ന് യേശുദാസും സംവിധായകന്‍ ജയരാജുമടക്കമുളളവര്‍ വിട്ടുനിന്നതാണ് മറ്റുളളവരെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് സിനിമാ പ്രവര്‍ത്തകര്‍ ഒന്നടങ്കം ഇവരെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നത്. വിവാദങ്ങള്‍ ഇപ്പോഴും അവസാനമില്ലാതെ തുടരുന്നതിനിടയിലാണ് ഗായകരുടെ സംഘടനയായ സമം പത്രക്കുറിപ്പുമായി എത്തിയിരിക്കുന്നത്. ‘യേശുദാസ് ആദരണീയ വ്യക്തിയും തലമുറകള്‍ക്ക് മാതൃകയുമാണ്. അദ്ദേഹം അനേകം പേര്‍ക്ക് ഗുരുസ്ഥാനീയനാണ്. യേശുദാസിൻ്റെ വ്യക്തിസ്വാതന്ത്ര്യത്തെ ആക്രമിക്കുന്നവര്‍ അദ്ദേഹത്തിൻ്റെ സംഗീത സംഭവനകളെ ആദരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.ദേശീയ തലത്തില്‍ 78ാം വയസില്‍ പുരസ്‌കാരം നേടിയ യേശുദാസിന്റെ ബഹുമതിയുടെ മൂല്യം മനസിലാക്കി അദ്ദേഹത്തോട് ആദരവോടെ പെരുമാറണം. ചിലര്‍ നടത്തുന്ന തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ യേശുദാസിൻ്റെ ആരാധകരുടെയും യുവജനങ്ങളുടെയും ചിന്തകളെ വഴിത്തെറ്റിക്കുന്നു. ഇതില്‍ സംഘടന പ്രതിഷേധിക്കുന്നതായും സമം പത്രക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിച്ചവരെ അഭിനന്ദിച്ച് എത്തിയ സമയത്തു തന്നെയാണ് സിനിമ പ്രവര്‍ത്തകര്‍ യേശുദാസിനെയും ജയരാജിനെയും വിമര്‍ശിച്ചിരുന്നത്. യേശുദാസിനെയും ജയരാജിനെയും ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നായിരുന്നു സംവിധായകനായ സിബി മലയില്‍ പറഞ്ഞിരുന്നത്. സിബി മലയിലിനെ കൂടാതെ മറ്റു സിനിമാ പ്രവര്‍ത്തകരും ഇവര്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം യേശുദാസിൻ്റെ സെല്‍ഫി വിവാദം കുറിപ്പില്‍ പരാമര്‍ശിച്ചിട്ടില്ല.

0Shares