‘യൂത്ത് മാര്‍ച്ചി’ന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം: പിണറായി സര്‍ക്കാര്‍ ജനങ്ങളെ നിരാശയിലാഴ്ത്തി- രമേശ് ചെന്നിത്തല.

  • Post category:news
  • Reading time:1 min read
You are currently viewing ‘യൂത്ത് മാര്‍ച്ചി’ന് കാസര്‍കോട്ട് ഉജ്ജ്വല തുടക്കം: പിണറായി സര്‍ക്കാര്‍ ജനങ്ങളെ നിരാശയിലാഴ്ത്തി- രമേശ് ചെന്നിത്തല.

കാസര്‍കോട്: ഇടത് മന്ത്രിസഭ അധികാരത്തിലെത്തി ഒരു വര്‍ഷമാകുമ്പോഴേക്കും ജനങ്ങള്‍ക്ക് മടുത്ത് കഴിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം ശരിയാക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ഇവര്‍ ഒന്നും ശരിയാക്കിയില്ലെന്ന് മാത്രമല്ല, ജനങ്ങളില്‍ കടുത്ത നിരാശയും അമര്‍ഷവും ഉളവാക്കി എന്നത് മാത്രമാണ് യാഥാര്‍ത്ഥ്യമെന്ന് അദ്ദേഹം പറഞ്ഞു. ‘വര്‍ഗീയതയ്‌ക്കെതിരെ നാടുണര്‍ത്തുക, ഭരണ തകര്‍ച്ചയ്‌ക്കെതിരെ മനസ്സുണര്‍ത്തുക’ എന്ന മുദ്രാവാക്യവുമായി യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഡീന്‍ കുര്യാക്കോസ് നയിക്കുന്ന ‘യൂത്ത് മാര്‍ച്ചി’ന്റെ ഉദ്ഘാടനം കാസര്‍കോട് ബദിയടുക്കയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇടത് മുന്നണിയെ ശിഥിലമാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നുള്ള സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ ചെന്നിത്തല പരിഹസിച്ചു. സി.പി.ഐയെ ഞെരിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന സി.പി.എം ജനങ്ങളുടെ മുന്നില്‍ ഒറ്റപ്പെട്ടിരിക്കുകയാണെന്ന് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടേത് ഫാസിസ്റ്റിന്റെ സ്വരമാണെന്നും ആ പദവിയിലെത്തുമ്പോഴേക്കും അദ്ദേഹം ജനങ്ങളില്‍ നിന്നും ഏറെ അകന്നിരിക്കുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് അമരിന്ദര്‍ സിങ് രാജാ ബ്രാര്‍ മുഖ്യാതിഥിയായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളും ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ പതിനാല് ജില്ലകളിലും നൂറ്റിനാല്‍പത് നിയമസഭാ മണ്ഡലങ്ങളിലും പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ‘യൂത്ത് മാര്‍ച്ചില്‍’ പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികമായ മെയ് 25ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് ഉപരോധത്തോടെ സമാപിക്കും.

0Shares