യു.എ.പി.എ കേസ്; അലന്റേയും താഹയുടേയും ജാമ്യം തള്ളി ഹൈക്കോടതി

  • Post category:news
  • Reading time:1 min read
You are currently viewing യു.എ.പി.എ കേസ്; അലന്റേയും താഹയുടേയും ജാമ്യം തള്ളി ഹൈക്കോടതി

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട് പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത അലന്‍ ഷുഹൈബിന്റേയും താഹ ഫൈസലിന്റേയും ജാമ്യം ഹൈക്കോടതി തള്ളി. പ്രോസിക്യൂഷന്‍റെ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. പോലീസ് ഹാജരാക്കിയ കേസ് ഡയറിയും മറ്റു തെളിവുകളും ഹൈക്കോടതി വിശദമായി പരിശോധിച്ചിരുന്നു.

പ്രതികളുടെ മാവോവാദി ബന്ധം തെളിയിക്കുന്ന തെളിവുകളും യു.എ.പി.എ ചുമത്തിയതിന്‍റെ കാരണവും പോലീസ് കോടതിയെ അറിയിച്ചു. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത കുറിപ്പുകളില്‍ ചിലത് കോഡ് ഭാഷയിലാണ്. ഇതിന്‍റെ ഉള്ളടക്കവും മറ്റും കണ്ടെത്താന്‍ വിശദമായ പരിശോധന വേണം. മാത്രമല്ല കേസിലെ മറ്റൊരു പ്രതിയായ ഉസ്മാനെ പിടികൂടാനുണ്ടെന്നും ഇയാള്‍ നിരവധി ക്രിമിനല്‍ കേസുകളിലും നാല് യു.എ.പി.എ കേസുകളിലും പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു.

അതിനാല്‍ കേസില്‍ ഇനിയും അന്വേഷണം ആവശ്യമാണെന്നും ഈ ഘട്ടത്തില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും പോലീസ് കോടതിയില്‍ പറഞ്ഞു. ഇതെല്ലാം പരിശോധിച്ച് പോലീസ് ചുമത്തിയ കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം നിഷേധിച്ചത്.

നവംബര്‍ രണ്ടിനാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വ്യാജത്തെളിവുകളുണ്ടാക്കി മാവോയിസ്റ്റ് കേസില്‍ കുടുക്കിയെന്നാണ് പ്രതികളുടെ ആരോപണം. എന്നാല്‍ യു.എ.പി.എ ചുമത്താന്‍ തക്ക തെളിവുകള്‍ ഇരുവര്‍ക്കുമെതിരെ ഉണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

0Shares