യുവ ഡോക്ടര്‍ വിടപറഞ്ഞത് സ്വന്തമായ ആശുപത്രി മോഹം ബാക്കിയാക്കി

  • Post category:news
  • Reading time:1 min read
You are currently viewing യുവ ഡോക്ടര്‍ വിടപറഞ്ഞത് സ്വന്തമായ ആശുപത്രി മോഹം ബാക്കിയാക്കി

കാസര്‍കോട്: കോയമ്പത്തൂരില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കാസര്‍കോട് മുന്നാട്ടെ ആയുര്‍വേദ ഡോക്ടര്‍ ആര്‍ വിഷ്ണുവിന് നാടിന്റെ അന്ത്യാഞ്ജലി. ആയുര്‍വേദ പഠനം പൂര്‍ത്തിയാക്കി വീടിനടുത്ത് സ്വന്തമായി ആശുപത്രി ഒരുക്കി സേവനം നടത്താനുള്ള ഒരുക്കത്തിനിടേയാണ് മരണം തട്ടിയെടുത്തത്. സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുന്നതിന്റെ ആവശ്യാര്‍ഥമാണ് കഴിഞ്ഞ ദിവസം വിഷ്ണു കോയമ്പത്തൂരിലേക്ക് പോയത്. സുഹൃത്തിനെ കണ്ട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരിച്ച് മടങ്ങുന്നതിനിടേയാണ് അപകടം. നിര്‍ത്തിയിട്ട ലോറിയിലേക്ക് വിഷ്ണുവിന്റെ സ്‌കൂട്ടര്‍ ചെന്നിടിക്കുകയായിരുന്നു. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. യുവ ഡോക്ടറുടെ ആകസ്മിക മരണം ബേഡകത്തെ കണ്ണീരിലാഴ്ത്തി. രാവിലെ മുന്നാട്ടെ വീട്ടിലെത്തിച്ച മൃതദേഹം കാണാന്‍ നാടിന്റെ നാനാഭാഗത്തു നിന്നും നിരവധി പേരാണ് ഒഴുകിയെത്തിയത്. വിഷ്ണുവിന്റെ മരണത്തോടെ കുടുംബത്തിന്റെ പ്രതീക്ഷയും നാടിന്റെ പ്രത്യാശയുമാണ് നഷ്ടമായത്. കുറ്റിക്കോല്‍ സണ്‍ഡേ തിയറ്റര്‍ നാടക സ്‌കൂളില്‍ പഠനം നടത്തിയിരുന്നു. തലമുറകളായി ആയുര്‍വേദ ചികില്‍സാ പാരമ്പര്യമുള്ള കുടുംബമാണ് വിഷ്ണുവിന്റേത്. മാതാവ് സുഭദ്ര നാട്ടുവൈദ്യയാണ്. മുന്നാട് മിനി സ്റ്റേഡിയതിന് സമീപത്തെ രവീന്ദ്രന്റെ മകനാണ്. മുന്നാട് ഗവ.സ്‌കൂളിലെ പത്താം തരം വിദ്യാര്‍ത്ഥി അര്‍ജ്ജുന്‍ ഏക സഹോദരനാണ്.

0Shares