കൊച്ചി: നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന്‍ ജീന്‍ പോള്‍ ലാല്‍ അടക്കം നാല് പേര്‍ക്ക് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. എറണാകുളം സി.ജെ.എം കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. നടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പോലീസ് നേരത്തെ വ്യക്താമാക്കിയിരുന്നു. ബോഡി ഡബ്ലിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണ്. അതുക്കൊണ്ട് ഈ രണ്ടു കുറ്റകൃത്യങ്ങളും ഒത്തുതീര്‍പ്പാക്കാനാവില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. ജീന്‍ പോള്‍ ലാലിനും മറ്റ് മൂന്ന് പ്രതികള്‍ക്കുമെതിരെ നല്‍കിയ പരാതി താന്‍ പിന്‍വലിക്കുകയാണെന്ന് കഴിഞ്ഞ ദിവസം നടി കോടതിയെ അറിയിച്ചിരുന്നു.
ജീന്‍ പോള്‍ ലാലിനെക്കൂടാതെ, നടന്‍ ശ്രീനാഥ് ഭാസി, സാങ്കേതിക പ്രവര്‍ത്തകരായ അനൂപ് വേണുഗോപാല്‍, അനിരുദ്ധന്‍ എന്നിവര്‍ക്കും മുന്‍കൂര്‍ ജാമ്യം ലഭിച്ചു. അതിനിടെ, പരാതി കോടതിക്കു പുറത്തു തീര്‍പ്പാക്കിയതായി നടിയും എതിര്‍കക്ഷികളും കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പരാതിയിലെ സാമ്പത്തിക ഇടപാട് ഒഴികെയുള്ള കുറ്റകൃത്യങ്ങള്‍ നിലനില്‍ക്കുമെന്നു പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഹണീ ബീ ടു എന്ന സിനിമയില്‍ മറ്റൊരാളുടെ ശരീരം
ചിത്രീകരിച്ച് തന്റേതെന്ന പേരില്‍ പ്രദര്‍ശിപ്പിച്ചെന്ന് ആരോപിച്ചു നടി നല്‍കിയ പരാതിയിലാണ് കേസ്.
പരാതിയില്‍ സിനിമയുടെ സെന്‍സര്‍ കോപ്പി പരിശോധിക്കാന്‍ പൊലീസ് നേരത്തേ തീരുമാനിച്ചിരുന്നു. സിനിമയിലെ സീന്‍ ഉള്‍പ്പെയുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നടി പരാതി നല്‍കിയത്.