യുവതി പ്രവേശന അനുകൂല പോസ്റ്റ് ഫേസ് ബുക്കിലിട്ടു; മനിതിയുടെ വളണ്ടിയര്‍ ഗ്രൂപ്പിലെ പ്രധാനിയുടെ വീട് ഒരുസംഘം ആക്രമിച്ച് തകര്‍ത്തു

  • Post category:news
  • Reading time:1 min read
You are currently viewing യുവതി പ്രവേശന അനുകൂല പോസ്റ്റ് ഫേസ് ബുക്കിലിട്ടു; മനിതിയുടെ വളണ്ടിയര്‍ ഗ്രൂപ്പിലെ പ്രധാനിയുടെ വീട് ഒരുസംഘം ആക്രമിച്ച് തകര്‍ത്തു

തലശ്ശേരി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട അനുകൂലമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുന്‍ പി.ഡി.പി നേതാവ് രാംദാസ് കതിരൂരിന്റെ വീടിന് നേരെ ആക്രമണം. മുഖംമൂടി ധരിച്ച ആറംഗ സംഘം വീട്ടിലെ ഉപകരണങ്ങളും മറ്റും അടിച്ചുതകര്‍ത്തു. തിങ്കളാഴ്ച രാവിലെ 10.30 ഓടെയാണ് മുന്‍കാല നക്സല്‍ പ്രവര്‍ത്തകന്‍ കൂടിയായ രാംദാസിന്റെ വീട്ടില്‍ അക്രമം നടന്നത്. രാംദാസ് തിരുവനന്തപുരത്തായിരുന്നതിനാല്‍ സംഭവ സമയം ഭാര്യമാത്രമേയുണ്ടായിരുന്നുള്ളൂ. ഫര്‍ണ്ണിച്ചറുകളും ടി.വി ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളുമെല്ലാം അടിച്ചുതകര്‍ത്തിട്ടുണ്ട്. മനീതിയുടെ കൂടെ മലയിലേക്കു പോകുന്നതായി ഫേസ്ബുക്കിലിട്ട പോസ്റ്റാണ് പ്രകോപനത്തിന് കാരണമെന്നാണ് കരുതുന്നത്. പുന്നോല്‍ റെയില്‍വേ ഗേറ്റിനടുത്തെ വീട്ടിലാണ് അക്രമം നടന്നത്. അക്രമം കണ്ട് രാംദാസിന്റെ ഭാര്യയ്ക്ക് മോഹാലസ്യവുമുണ്ടായി.
മനിതിയുടെ വളണ്ടിയര്‍ ഗ്രൂപ്പിലെ പ്രധാനിയാണ് രാംദാസ്. അക്രമികള്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ക്കുകയും വീടിനകത്ത് കയറി ടി.വി, അലമാരകള്‍, മേശ, കസേര, ഗ്യാസ് സ്റ്റൗ എന്നിങ്ങനെ കണ്ണില്‍കണ്ട എല്ലാ സാധനങ്ങളും അടിച്ചു തകര്‍ത്തു. ശബരിമല യുവതീ പ്രവേശനം അനുകൂലിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നതിന്റെ പ്രതികാരമാണിതെന്ന് സൂചന. വീട്ടിലുപേക്ഷിച്ച വാള്‍, ചുറ്റിക എന്നിവ പോലീസ് കണ്ടെടുത്തു. ആര്‍.എസ്.എസ് ആണ് അക്രമത്തിന് പുറകിലെന്നു രാമദാസ് ആരോപിച്ചു.

0Shares