കാസര്‍കോട്: യാത്രക്കാര്‍ ഇറങ്ങും മുമ്പേ ട്രെയിന്‍ സ്റ്റേഷനില്‍ നിന്ന് വിട്ടത് കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനില്‍ പരിഭ്രാന്തി സൃഷ്ടിച്ചു. യാത്രക്കാര്‍ ബഹളം വച്ചതോടെ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ചൊവ്വാഴ്ച രാവിലെ 9.45 ഓടെയാണ് സംഭവം. രാവിലെ തിരുവനന്തപുരത്തുനിന്ന് മംഗളൂരുവിലേക്ക് വരുന്ന മിക്ക ട്രെയിനുകളും മണിക്കൂറോളം വൈകിയാണ് എത്തിയത്. ഇതോടെ സിവില്‍ സ്‌റ്റേഷനിലടക്കമുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാവേലിയിലാണ് കാസര്‍കോട്ടെക്ക് വന്നത്. മാവേലി എക്‌സ്പ്രസ് പോകാനായി കാഞ്ഞങ്ങാട്ട് പാസഞ്ചര്‍ ട്രെയിന്‍ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയിരുന്നു. മാവേലിയെത്തിയതോടെ പാസഞ്ചര്‍ ട്രെയിനിലെ യാത്രക്കാരില്‍ പലരും മാവേലി എക്‌സ്പ്രസിലേക്ക് മാറിക്കയറി. പലരും കയറും മുമ്പേ തന്നെ ട്രെയിന്‍ വിട്ടു.
കാസര്‍കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ ട്രെയിന്‍ യാത്രക്കാരിറങ്ങും മുമ്പേ തന്നെ പുറപ്പെട്ടു. നൂറുകണക്കിന് യാത്രക്കാര്‍ ഇറങ്ങാന്‍ ബാക്കി നില്‍ക്കേയാണ് ട്രെയിന്‍ പുറപ്പെട്ടത്. ഇതോടെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ ബഹളം വച്ചു. ഇതേടെ ചിലര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. ക്ഷുഭിതരായ യാത്രക്കാര്‍ ലോക്കോ പൈലറ്റിനെ തടഞ്ഞു വച്ചു. ഏറെ നേരത്തെ സംഘര്‍ഷാവസ്ഥക്കൊടുവില്‍ ട്രെയിന്‍ യാത്ര പുറപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയില്‍ മണിക്കൂറോളം വൈകിയാണ് മലബാറും മറ്റു ട്രെയിനുകളും എത്തിച്ചേരുന്നത്. ഇത് കാരണം പലര്‍ക്കും സമയത്തിന് ജോലിക്കു ഹാജരാകാനാകുന്നില്ല.