മോഹന്‍ലാലിനെതിരെ ഒപ്പുവച്ചിട്ടില്ലെന്ന് പ്രകാശ് രാജ്; നടൻ്റെ പേര് ദുരുപയോഗം ചെയ്തതാര്?

  • Post category:news
  • Reading time:2 mins read
You are currently viewing മോഹന്‍ലാലിനെതിരെ ഒപ്പുവച്ചിട്ടില്ലെന്ന് പ്രകാശ് രാജ്; നടൻ്റെ പേര് ദുരുപയോഗം ചെയ്തതാര്?

ചെന്നൈ: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനെതിരായ പരാതിയില്‍ താന്‍ ഒപ്പുവച്ചിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. മോഹന്‍ലാല്‍ വലിയ പ്രതിഭയാണെന്നും ചടങ്ങില്‍ അദ്ദേഹത്തെ പോലൊരാളെ ക്ഷണിച്ചതിനെതിരെ എങ്ങിനെ പരാതി പറയാന്‍ സാധിക്കുമെന്നും പ്രകാശ് രാജ് സ്വകാര്യ ചാനലിനോട് പറഞ്ഞു. ഇതിഹാസ തുല്യനായ നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിനെതിരായ ഒരു പരാതിയിലും താന്‍ ഒപ്പുവച്ചിട്ടില്ല. വിഷയത്തില്‍ എന്റെ പേര് ദുരുപയോഗം ചെയ്യുകയാണ് ഉണ്ടായത്. ഈ പരാതിയെ കുറിച്ച് തനിക്ക് ഒരു വിവരവുമില്ല. സംസ്ഥാന സര്‍ക്കാറിന്റെ ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ പരാതി നല്‍കാന്‍ ഞാന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്കൊപ്പമാണ് തന്റെ നിലപാട്. മോഹന്‍ലാലിനെ പോലൊരാള്‍ തലപ്പത്തുള്ള സംഘടനയില്‍ നിന്ന് നല്ലത് മാത്രമാണ് പ്രതീക്ഷിക്കുന്നത്. സംഘടനയെയും വ്യക്തിയെയും രണ്ടായി കാണണം. ഇതിഹാസ തുല്ല്യനായ കലാകാരനായ മോഹന്‍ലാലിനെ അത്തരമൊരു പരിപാടിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത് പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാണുകയാണെന്നു ചൂണ്ടിക്കാട്ടി കസിനിമാ സാംസ്‌കാരിക കൂട്ടായ്മ രംഗത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് നൂറോളം പേര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവനയും പുറത്തിറക്കി. ഇതില്‍ ആദ്യത്തെ പേര് പ്രകാശ് രാജിന്റെതായിരുന്നു. പ്രകാശ് രാജ്, എന്‍ എസ് മാധവന്‍, സച്ചിദാനന്ദന്‍, സേതു തുടങ്ങിയവര്‍ ഒപ്പിട്ടു എന്ന പേരിലായിരുന്നു സംയുക്ത പ്രസ്താവനയിറക്കിയത്. ഇതില്‍ ആദ്യത്തെ പേരുകാരനായ പ്രകാശ് രാജ് തന്നെ ഇത് നിഷേധിച്ച് രംഗത്തെത്തിയതോടെ മോഹന്‍ലാലിനെതിരായ നീക്കത്തിന് തന്നെ കനത്ത തിരിച്ചടിയായിമാറി. അതേസമയം കഴിഞ്ഞ ദിവസം സംസ്ഥാന പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ട് നല്‍കിയ സംയുക്ത പ്രസ്താവനയില്‍ ഒരിടത്തും ആരുടേയും പേരെടുത്തു പറഞ്ഞിട്ടില്ല എന്ന് സംവിധായകന്‍ ഡോക്ടര്‍ ബിജു പറഞ്ഞു. ഞങ്ങള്‍ ഉയര്‍ത്തിയ നിലപാട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പോലെ ഒരു സംസ്ഥാനം നല്‍കുന്ന ആദരവിന്റെ ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യമാണ് എന്നതാണ്. മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ് എന്നും അത് പാടില്ല എന്നുമാണ് ഞങ്ങള്‍ മുന്നോട്ട് വെച്ചത്. ആ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം വായിച്ചു നോക്കൂ അതിലെവിടെയും ഒരു താരത്തിന്റെയും പേര് എടുത്ത് പറഞ്ഞിട്ടില്ല. മുഖ്യഅതിഥി ആയി വരുന്നത് ഏത് താരമായാലും ഇതാണ് നിലപാട് . ഈ പ്രസ്താവന വായിച്ച ശേഷമാണ് അതില്‍ പേര് വെക്കാന്‍ എല്ലാവരും സമ്മതിച്ചിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

0Shares