നീലേശ്വരം: കണ്ണൂർ സർവകലാശാല മോളിക്യൂലർ ബയോളജി പഠന വകുപ്പിൻ്റെ ദശവാർഷികാഘോഷ സമാപനത്തോടനുബന്ധിച്ച് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിൻ്റെ സഹകരണത്തോടെ മോളിക്യൂലർ ബയോളജിയിലെ നൂതന വികാസങ്ങൾ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ (ഫെബ്രുവരി 6 ന്) ബുധനാഴ്ച തുടങ്ങും. നീലേശ്വരം ഡോ. പി കെ രാജൻ സ്മാരക കലാലയത്തിൽ നടക്കുന്ന സെമിനാർ രാവിലെ 10 മണിക്ക് ദാവങ്കറെ സർവകലാശാല മുൻ വൈസ് ചാൻസലർ പ്രൊഫ. ബി. ബി കലിവൾ ഉത്ഘാടനം ചെയ്യും.
മൈക്രോബിയൽ ബയോടെക്നോളജിയുടെ വളർച്ച എന്ന വിഷയത്തിൽ അദ്ദേഹം മുഖ്യ പ്രഭാഷണവും നടത്തും. പ്രൊഫ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. സെമിനാറിൽ അവതരിപ്പിക്കപ്പെടുന്ന പ്രബന്ധങ്ങളുടെ സംഗ്രഹം അടങ്ങിയ പുസ്തകം കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗം വി.പി.പി മുസ്തഫ പ്രകാശനം ചെയ്യും. വി ആർ കൃഷ്ണയ്യർ സ്മാരക പുരസ്‌കാരം നേടിയ ഡോ. എ. എം ശ്രീധരനെ ചടങ്ങിൽ ആദരിക്കും. പഠനത്തിൽ ഉന്നത മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പും ചടങ്ങിൽ വെച്ച് വിതരണം ചെയ്യും.
തുടർന്ന് മൂന്ന് ദിവസങ്ങളിലായി ലഖ്‌നൗ സി എസ് ഐ ആർ ഇൻസ്റ്റിറ്റിയൂട്ടിലെ ഡോ പ്രേമ ജി വാസുദേവ്, ഹൈദരാബാദ് സെൻ്റെർ ഫോർ സെല്ലുലാർ ആൻഡ് മോളിക്യൂലർ ബയോളജിയിലെ ശാസ്ത്രജ്ഞൻ ഡോ കൃഷ്ണൻ എച് ഹർഷൻ, സി.പി.സി.ആർ.ഐ കാസറഗോഡ് ഡയറക്ടർ ഡോ. അനിത കരുൺ, ഡോ. എം എസ് മുസ്താഖ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. സെമിനാർ ഫെബ്രുവരി 8 ന് വൈകുന്നേരം സമാപിക്കും.