മോദി ലക്ഷ്യമിടുന്നത് ഡിജിറ്റല്‍ എക്കണോമി; നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായിട്ടില്ലെന്നു എസ്.രാമചന്ദ്രപിള്ള

  • Post category:news
  • Reading time:1 min read
You are currently viewing മോദി ലക്ഷ്യമിടുന്നത് ഡിജിറ്റല്‍ എക്കണോമി; നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായിട്ടില്ലെന്നു എസ്.രാമചന്ദ്രപിള്ള

കുറ്റിക്കോല്‍(കാസര്‍കോട്): തൊഴിലാളികളുടെ സംഘടിത ശക്തിയെ തകര്‍ക്കാനാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പുതിയ തൊഴില്‍നിയമം കൊണ്ടുവന്നതെന്നും താല്‍ക്കാലിക തൊഴില്‍മേഖല സൃഷ്ടിച്ച് തൊഴില്‍ വിലപേശല്‍ നടത്തുവാനാണ് ശ്രമമെന്നും സി.പി.എം പോളിറ്റ്ബ്യുറോ അംഗം എസ്.രാമചന്ദ്രപിള്ള ആരോപിച്ചു. കുറ്റിക്കോലില്‍ സി.പി.എം ബേഡകം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഇ.എം.എസ്- എ.കെ.ജി അനുസ്മരണ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലില്ലായ്മ സൃഷ്ടിച്ച് തൊഴില്‍ ചൂഷണം നടത്താന്‍ മുതലാളിത്ത ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം ചെയ്തുകൊടുക്കുന്നു. രാജ്യത്തെ സമ്പത്തിന്റെ മുക്കാല്‍ ശതമാനവും ഒരുശതമാനം മാത്രമുള്ള സമ്പന്നരുടെ കൈകളിലാണ്. നോട്ടുനിരോധനം കൊണ്ട് ഒരു ഗുണവും രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായിട്ടില്ലെന്നും ഡിജിറ്റല്‍ എക്കണോമിയാണ് മോദി ലക്ഷ്യമിടുന്നതെന്നും രാമചന്ദ്രപിള്ള പറഞ്ഞു. ജി.എസ്.ടിയുടെ ഉദ്ദേശം കോര്‍പറേറ്റുകളുടെ കൈകളിലേക്ക് പണം എത്തിക്കുകയെന്നതാണ്. ഇതും ജനങ്ങള്‍ക്ക് ഒരു ഗുണവും ഉണ്ടാക്കുന്നില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങള്‍ കോര്‍പറേറ്റുകളെ സഹായിക്കാനാണെന്നും ഇത് മൂലം കര്‍ഷകരും തൊഴിലാളികളും കൂട്ടആത്മഹത്യയിലാണെന്നും എസ്.ആര്‍.പി പറഞ്ഞു. കോണ്‍ഗ്രസ് അറുപത് കൊല്ലക്കാലം കൊണ്ട് നടത്തിയ അഴിമതിയെക്കാള്‍ റിക്കാര്‍ഡ് തകര്‍ക്കുന്ന അഴിമതിയാണ് ബി.ജെ.പി സര്‍ക്കാര്‍ നാല് കൊല്ലക്കാലം കൊണ്ട് നടത്തിയത്. നരേന്ദ്രമോദി നേരിട്ടാണ് അഴിമതി നടത്തുന്നതിന് നേതൃത്വം നല്‍കുന്നത്. വ്യാപം അഴിമതി രാജ്യത്തെ ഞെട്ടിച്ചു. കൈക്കൂലി- കോഴകളെ നിയമവിധേയമാക്കുന്നതിനും രാക്ഷ്ട്രീയ പാര്‍ട്ടികള്‍ വാങ്ങുന്ന സംഭാവനകളുടെ സുതാര്യതയില്ലാതാക്കാനും ഇലക്ട്രല്‍ ബോണ്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നു. വിദേശരാജ്യങ്ങള്‍ക്ക് നമ്മുടെ രാജ്യത്തെ തിരഞ്ഞെടുപ്പില്‍ സ്വാധീനിക്കാനും അട്ടിമറിക്കാനും മോദി സര്‍ക്കാരിന്റെ നയങ്ങള്‍ കാരണമാകുമെന്നും എസ്.ആര്‍.പി കുറ്റപ്പെടുത്തി. ന്യൂനപക്ഷങ്ങള്‍ക്കെതിരായ കടന്നാക്രമണങ്ങള്‍ രാജ്യത്താകെ നടന്നു കൊണ്ടിരിക്കുകയാണ്. മോദിസര്‍ക്കാര്‍ ചരിത്രത്തെ തിരുത്തികൊണ്ടിരിക്കുന്നു. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചുകൊണ്ടുവരുന്നു. വിദ്യാഭ്യാസത്തെ അപരിഷ്‌കരിച്ചു കൊണ്ടിരിക്കുന്നു. സാമൂഹിക- സാംസ്‌ക്കാരിക പ്രവര്‍ത്തകരെ ഇല്ലായ്മ ചെയ്യുന്നു. സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെ ആര്‍.എസ്.എസ്സും ബി.ജെ.പിയും രാജ്യത്താകമാനം കൊന്നൊടുക്കുകയാണെന്നും രാമചന്ദ്രപിള്ള പറഞ്ഞു. കെ.പി.സതീഷ് ചന്ദ്രന്‍ ഇ.എം.എസ്- എ.കെ.ജി അനുസ്മരണപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, സി.ബാലന്‍, ഇ.പത്മാവതി, ഓമനാരാമചന്ദ്രന്‍, എം.അനന്തന്‍, ടി.അപ്പ, കെ.പി രാമചന്ദ്രന്‍, ജയപുരം ദാമോദരന്‍, ടി.ബാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

0Shares