
ഭീമ കൊറേഗാവ് കേസ് എന്‍.ഐ.എയ്ക്ക് വിട്ട കേന്ദ്രസര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. മോദിയുടെയും ഷായുടെയും വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്ന ഏതൊരാളെയും അര്‍ബന്‍ നക്സലായി ചിത്രീകരിക്കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. പ്രതിരോധത്തിന്‍റെ പ്രതീകമാണ് ഭീമ കൊറേഗാവെന്നും സര്‍ക്കാരിന്‍റെ ശിങ്കിടിയായ എന്‍.ഐ.എ.യ്ക്ക് അതിനെ ഒരിക്കലും ഇല്ലാതാക്കാനാവില്ലെന്നും രാഹുല്‍ പറഞ്ഞു. ട്വിറ്ററിലൂടെ ആയിരുന്നു രാഹുലിന്‍റെ പ്രതികരണം.

2018ല്‍ നടന്ന ഭീമ കൊറേഗാവ് സംഘര്‍ഷത്തിന്‍റെ അന്വേഷണം വെള്ളിയാഴ്ചയാണ് എന്‍.ഐ.എ. ഏറ്റെടുത്തത്. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബുദ്ധിജീവികള്‍ക്കെതിരെയും സാമൂഹിക പ്രവര്‍ത്തകര്‍ക്കെതിരെയും രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് കേന്ദ്രത്തിന്‍റെ ഇടപെടല്‍. കേസിന്‍റെ നില വിലയിരുത്തുന്നതിന് വെള്ളിയാഴ്ച മഹാരാഷ്ട്ര സര്‍ക്കാര്‍ അവലോകനയോഗം വിളിച്ചിരുന്നു. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
