മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബികൾ; നിയമ ലംഘനങ്ങൾ മറ്റ് വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു

  • Post category:news
  • Reading time:2 mins read
You are currently viewing മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബികൾ; നിയമ ലംഘനങ്ങൾ മറ്റ്  വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്നു

പീതാംബരൻ കുറ്റിക്കോൽ

കാസർകോട്: മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി സ്വകാര്യ ടൂറിസ്റ്റ് ബസ് ലോബികൾ ലാഭം കൊയ്യുന്നതായി ആക്ഷേപം. മോട്ടോർ വാഹന നിയമങ്ങളെ വെല്ലുവിളിച്ച്‌ നിരത്തിലെ മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണിയാകുന്ന തരത്തിലാണ് മിക്ക ബസുകളും സർവീസ് നടത്തുന്നത്. ജില്ലയിൽ മാത്രം നൂറോളം ടൂറിസ്റ്റ് ബസുകൾക്ക് സ്‌പീഡ്‌ ഗവർണർ ഘടിപ്പിച്ചിട്ടില്ല. അത്യാഹിത ഘട്ടത്തിൽ ഉപയോഗിക്കാൻ അഗ്നിശമന സംവിധാനങ്ങളും ഫസ്റ്റ് എയ്‌ഡ്‌ സജീകരണങ്ങളുമില്ല.

നിയമലംഘനത്തിനെതിരെ ഉയർന്ന ഉദ്യോഗസ്ഥർ നടപടിക്കൊരുങ്ങിയിട്ടുണ്ട്. സ്പെഷ്യൽ ഡ്രൈവ് പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർ എസ്. മനോജ് ചാനൽ ആർ. ബിയോട് പറഞ്ഞു.  മഞ്ചേശ്വരം, കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ തുടങ്ങിയ പ്രധാന സിറ്റികൾ കേന്ദ്രീകരിച്ച് വൻ ടൂറിസ്റ്റ് ബസ് ലോബികൾ നിയമലംഘനങ്ങൾ നടത്തുന്നതായി നേരത്തെ പരാതി ഉയർന്നിരുന്നു. ചില ജീവനക്കാർ ഇതിന് കൂട്ട് നിൽക്കുന്നതായും ഗതാഗത വകുപ്പ് കണ്ടെത്തിയിരുന്നു.

ടൂറിസ്റ്റ് ബസുകളിൽ ഫ്ലെക്സിബിൾ എൽ.ഇ.ഡി. ലൈറ്റുകൾ, വിവിധ നിറത്തിലുള്ള എൽ.ഇ.ഡി. ബൾബുകൾ ഹാലജൻ ഡ്രൈവിംഗ് ലാമ്പുകൾ, ഉയർന്ന ശബ്ദം പുറപ്പെടുവിക്കുന്ന ഹൈ പവർ ഓഡിയോ സംവിധാനങ്ങൾ എന്നിവ ഉപയോഗിക്കാനാവില്ല. ഈ സംവിധാനങ്ങൾ വൻ സുരക്ഷാ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഉച്ചത്തിലുള്ള ശബ്ദവും കണ്ണഞ്ചിപ്പിക്കുന്ന വെളിച്ചവും ടൂറിസ്റ്റു ബസിൻ്റെ ഡ്രൈവറുടെയും, റോഡിലുള്ള മറ്റ് വാഹനങ്ങളുടെ ഡ്രൈവർമാരുടെയും ശ്രദ്ധ തെറ്റിക്കുകയും വാഹനാപകടങ്ങൾക്ക് വഴി തെളിക്കുകയും ചെയ്യും. വാഹനങ്ങൾക്ക് കോൺട്രാക്ട് ടൂറിസ്ററ് ബസുകളായി തുടരണമെങ്കിൽ വാഹനങ്ങളുടെ മേലുള്ള ഗ്രാഫിക്‌സും എഴുത്തുകളുമുൾപ്പെടെ, എല്ലാം നീക്കം ചെയ്യേണ്ടതാണെന്നും കോടതി വിധിയുണ്ട്.

ജസ്റ്റിസ് അനിൽ. കെ. നരേന്ദ്രൻ ആണ് വിധി പുറപ്പെടുവിച്ചത്. ഇത്തരത്തിലുള്ള സംവിധാനങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള മോട്ടോർ വാഹന വകുപ്പ് ടൂറിസ്റ്റ് ബസ് ഉടമകൾക്ക് അയച്ച നോട്ടീസിനെതിരെ ബസ് ഉടമകളുടെ സംഘടനയായ ഓൾ കേരള കാരിയേജ് ഓപ്പറേറ്റർസ് അസോസിയേഷൻ (സി.സി.ഒ.എ) ഹൈക്കോടതിയിൽ റിട്ട് ഹർജി കൊടുക്കുകയായിരുന്നു. ഈ റിട്ട് ഹർജി തള്ളിക്കൊണ്ടാണ് കോടതി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേരള മോട്ടോർ വാഹന നിയമത്തിലെ ചട്ടം 286 പ്രകാരം വാഹനങ്ങൾക്കുള്ളിൽ ആവശ്യത്തിന് വെളിച്ചം നൽകാൻ ഒന്നോ രണ്ടോ വൈദ്യത ലൈറ്റുകൾ ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ ഘടിപ്പിക്കുന്ന ലൈറ്റുകൾ ഡ്രൈവറുടെ ശ്രദ്ധയെ ബാധിക്കാനും പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ശബ്ദോപകരണങ്ങൾക്കും ലൈറ്റുകൾക്കും വേണ്ടി ഉയർന്ന തോതിലുള്ള വൈദ്യുതി ഉപയോഗിക്കുന്നത് കാരണം വാഹനത്തിൻ്റെ ബാറ്ററികൾ കേടുവരാനും തീപിടുത്തം ഉണ്ടാകാനും സാധ്യതയുണ്ടെന്നും പറയുന്നു. റിഫ്ലക്ടറും ഇൻഡിക്കേറ്ററും മാത്രമാണ് മോട്ടോർ വെഹിക്കിൾ ആക്ടിൽ പറയുന്നത്.ബസിൻ്റെ പുറത്ത് വെക്കുന്ന എൽ.ഇ.ഡി. ലൈറ്റുകളും, ഇല്യൂമിനേഷൻ ലൈറ്റുകളും മറ്റ് വാഹനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നു. മാത്രമല്ല, സിനിമകളുടെയും മറ്റും ചിത്രങ്ങളും വണ്ടിയുടെ പുറത്ത് പതിക്കാൻ പാടില്ല.

രാജ്യത്തെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കാൻ കേന്ദ്ര സർക്കാർ നടപടികൾ തുടങ്ങിയിട്ടുണ്ട്. നിയമ ലംഘനങ്ങൾക്ക് കടുത്ത ശിക്ഷാ നടപടികള്‍ ശുപാർശചെയ്യുന്ന മോട്ടർ വാഹന നിയമ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. പതിനെട്ട്‌ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാരുടെ ശുപാർശകൾ അടങ്ങിയതാണ് ബില്ലിലെ നിർദേശങ്ങൾ.

0Shares