പാലക്കാട്: ക്രമാതീതമായ മോട്ടോര്‍ വാഹന ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ കേരള സ്‌റ്റേറ്റ് യൂസ്ഡ് വെഹിക്കിള്‍ ഡീലേഴ്‌സ് & ബ്രോക്കേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തുടനീളമുള്ള ആര്‍.ടി.ഒ ഓഫീസ് കേന്ദ്രങ്ങളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഇതിന്റെ ഭാഗമായി സംഘടനയുടെ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ ആര്‍.ടി.ഒ. ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. സംസ്ഥാന പ്രസിഡന്റ് എന്‍.എച്ച് കാജാഹുസൈന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.



സംസ്ഥാന ജനറല്‍ സെക്രട്ടറി യു. ശബരി, വൈസ് പ്രസിഡന്റ് എന്‍. മണികണ്ഠന്‍, തുടങ്ങിയവരും ജില്ലയിലെ മറ്റു ഭാരവാഹികളും പ്രസംഗിച്ചു. സാധാരണക്കാരുടെ ഉപജീവന മാര്‍ഗ്ഗമായ ഓട്ടോറിക്ഷ, ടാക്‌സി എന്നിവയുടെ മോട്ടോര്‍ വാഹന ഫീസ് ഒറ്റയടിക്ക് 100 രൂപയില്‍ നിന്ന് 1500 രൂപയാക്കിയ നടപടി തികച്ചും അന്യായമാണെന്ന് സംഘടനാ നേതാക്കള്‍ പറഞ്ഞു.
ഡ്രൈവിംങ് ലൈസന്‍സും വിവിധ വാഹനങ്ങളുമായി ബന്ധപ്പെട്ട ഇതര ഫീസും പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ച നടപടി ഒരുതരത്തിലും ന്യായീകരിക്കാനാവില്ലെന്ന് സംഘടനാ നേതാക്കള്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. നടപടി പിന്‍വലിക്കാത്തപക്ഷം ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.