മൊഗ്രാല്‍: കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തിരമാലയില്‍ പെട്ട് കാണാതായ മൊഗ്രാല്‍ കൊപ്പളത്തെ ഖലീലി(20)നെ കണ്ടെത്താനായില്ല. ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും തിരച്ചില്‍ തുടരുന്നു. ശനിയാഴ്ച വൈകിട്ട് ആറു മണിയോടെയാണ് ഖലീലിനെ കാണാതായത്. കൂട്ടുകാര്‍ക്കൊപ്പം കൊപ്പളം കടപ്പുറത്ത് കളിച്ചുകൊണ്ടിരിക്കെ പന്ത് കടലില്‍ വീണിരുന്നു. ഇതെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഖലീല്‍ തിരമാലയില്‍ പെട്ടത്. കൊപ്പളത്തെ മൊയ്തീന്‍-ഖദീജ ദമ്പതികളുടെ മകനായ ഖലീല്‍ എറണാകുളത്തെ കടയില്‍ ജോലി ചെയ്തു വരികയായിരുന്നു.
പെരുന്നാളിന് മുന്നോടിയായാണ് നാട്ടിലെത്തിയത്. ഖലീലിനെ കണ്ടെത്താനായി മൊഗ്രാല്‍ ഗ്രാമം പ്രാര്‍ത്ഥനയോടെ കഴിയുകയാണ്. കുമ്പള പൊലീസിന്റെയും കാസര്‍കോട് ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടത്തുന്നത്.
