കണ്ണൂര്‍: കാസര്‍കോട് കണ്ണൂര്‍ ജില്ലകളിലെ പെട്രോള്പമ്പുകളില് മെഗസ്റ്റാര്‍ എത്തിയതായി വാട്ട്സാപ് സന്ദേശം ആരാധകരെ വട്ടം കറക്കി. കണ്ണൂര്‍ പന്തക്കലിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ അധീനതയിലുള്ള പെട്രാള്‍ പമ്പിലും നീലേശ്വരത്തേയും പൊയിനാച്ചിയിലേയും കുമ്പളയിലേയുമടക്കം നൂറോളം പമ്പുകളിലെത്തിയതായാണ് വിവിധ വാട്ട് സാപ് ഗ്രൂപുകളില്‍ സന്ദേശം വന്നത്. ഒപ്പം ആരാധകരെ കണ്ട് നിലത്തിറങ്ങി അഭിവാദ്യം ചെയ്യുന്ന ഫോട്ടോയുമിട്ടിട്ടുണ്ട്. മെഗസ്റ്റാര്‍ മമ്മൂട്ടി വാഹനവുമായി എത്തി എന്ന സന്ദേശം ഫേസ്ബുക്കിലും വൈറലായതോടെ ആരാധകര്‍ പന്തക്കലിലും നീലേശ്വരത്തെയും പമ്പുകളില്‍ എത്തി അന്വേഷിച്ചുതുടങ്ങി. പമ്പില്‍ ഇന്ധനം നിറയ്ക്കുവാന്‍ വാഹനങ്ങളുമായി എത്തിയവരും അന്വേഷണം തുടങ്ങിയപ്പോള്‍ പമ്പുജീവനക്കാര്ക്ക് തലവേദനയുമായി. ബുധനാഴ്ച രാവിലെ 10 മുതല്‍ ആരംഭിച്ച അന്വേഷണം രാത്രി വരെ നീണ്ടു.
കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ മുഴുവന്‍ പമ്പുകളിലും ആരാധകര്‍ കയറിയിറങ്ങി. എന്നാല്‍ മാഹി മേഖലയിലെ ഒരു പമ്പിലും മമ്മൂട്ടി എത്തിയതായി വിവരമില്ല. അമളിപറ്റിയ ആരാധകര്‍ അവരവരുടെ പ്രദേശങ്ങളിലെ പമ്പുകളിലെത്തിയെന്ന സന്ദേശവും അയക്കാന്‍ തുടങ്ങിയതോടെയാണ് ജനം നെട്ടോട്ടമോടിയത്. എന്നാല്‍ തമിഴ് നാട്ടിലെ ഒരു പമ്പാണ് ഫോട്ടോയില്‍ കാണുന്നതെന്നാണ് വിവരം.
മെഗസ്റ്റാര്‍ മമ്മൂട്ടി പെട്രോള്‍ പമ്പില്‍ എത്തിയതായി സമൂഹമാധ്യമങ്ങളില്‍ സന്ദേശം: പുലിവാലുപിടിച്ചത് നൂറോളം പമ്പുകളിലെ ജീവനക്കാര്‍