കാസര്‍കോട്: തുടര്‍ച്ചയായി മൂന്നാം തവണയും ആരോഗ്യകേരളം പുരസ്‌കാരം ഏറ്റുവാങ്ങി കാസര്‍കോട്ടെ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ ചിറ്റാരിക്കാല്‍ പി.എച്ച്.സി. 2013-14, 2014-15, 2015-16 വര്‍ഷങ്ങളിലായാണ് ചിറ്റാരിക്കാല്‍ പി.എച്ച്.സി ഈ ചരിത്രനേട്ടം കൈവരിച്ചത്. ഈ വര്‍ഷം കാസര്‍കോട് ജില്ലയില്‍ ഒന്നാം സ്ഥാനവും മറ്റ് പല ജില്ലകളില്‍ സമാശ്വാസ സമ്മാനവുമാണ് നല്‍കിയത്.

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫിലോമിന ജോണി, വൈസ് പ്രസിഡണ്ട് ജെയിംസ് പന്തമ്മാക്കല്‍, സെക്രട്ടറി ജോസഫ് എം. ചാക്കോ, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. സുമിന്‍ മോഹന്‍ തുടങ്ങിവരുടെ നേതൃത്വത്തിലുളള സംഘത്തിന് പുരസ്‌കാരം നല്‍കി. സംസ്ഥാന ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജു, വി.എസ്. ശിവകുമാര്‍ എം.എല്‍.എ തുടങ്ങിയ പ്രമുഖര്‍ പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുത്തു.