
പുത്തിഗെ(കാസർകോട്): മുസ്ലിം ലീഗ് നേതാവും മുംബൈ കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ എം.എം.കെ ഉറുമി (എം മുഹമ്മദ് കുഞ്ഞി എന്ന മമ്മുണിച്ച) അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. വെള്ളിയാഴ്ച്ച രാത്രി 10:30 മണിയോടെ ദേഹാസ്വസ്ഥതയെ തുടർന്ന് വീട്ടിൽ നിന്നും ആശുപത്രയിലേക്ക് കൊണ്ടുപോകുംവഴിയാണ് അന്ത്യം. ഒരാഴ്ച്ച മുമ്പാണ് അദ്ദേഹം മുംബൈയിൽ നിന്നും നാട്ടിലേക്ക് വന്നത്. അടുത്ത ദിവസം തിരിച്ചു പോകാനിരിക്കെയാണ് പെട്ടന്നുള്ള മരണം സംഭവിച്ചത്. ഏറെ കാലമായി മുംബൈയിൽ ഹോട്ടൽ വ്യാപാരം നടത്തിവരികയിരുന്നു.

സാമുഹിക രാഷ്ട്രീയ മേഖലകളിലെ നിറസാനിധ്യമായ എം.എം.കെ ഉറുമി എല്ലാവർക്കും ഒരുപോലെ പ്രിയപെട്ടയാളാണ്. അദ്ദേഹത്തിൻ്റെ സംസാരവും പ്രസംഗവും ആഴത്തിലുള്ള അറിവും ഏവരെയും ആകർഷിച്ചിരുന്നു. മികച്ച തനത് മാപ്പിളപ്പാട്ട് ഗായകൻ കൂടിയായിരുന്നു. അദ്ദേഹത്തിൻ്റെ വേർപാട് കുടുംബത്തെയും നാട്ടുകാരെയും ഒരുപോലെ വേദനിപ്പിച്ചു.
മരണവർത്തയറിഞ്ഞ ഉടൻ നിരവധിപേരാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. മുസ്ലിം ലീഗ് ജില്ലാ നേതാക്കളടക്കം മറ്റു ജനപ്രതിനിധികൾ രാത്രിതന്നെ അദ്ദേഹത്തിൻ്റെ വസതിയിലേക്ക് എത്തിയിരുന്നു. കബറടക്കം ശനിയാഴ്ച്ച ഉച്ചക്ക് 12 മണിയോടെ ഉറുമി വലിയ ജുമാ മസ്ജിദിൽ നടന്നു. ഭാര്യ- ആയിഷ, മക്കൾ- മഷൂദ്, മുഹാദ്, മുഹവ്വിദ്, മർസാദ്, ജുവൈരിയ, മാഷിദ, മാരിയ, ഉമ്മു കുൽസു. മരുമക്കൾ- ഷമീം, മുഹ്‌സിൻ, ഇർഷാദ്, ബുഷ്‌റ, റാഫിദ.
