
മുള്ളേരിയ(കാസര്‍കോട്): സ്‌കൂട്ടറില്‍ മണല്‍ ലോറിയിടിച്ച് ടൈലറിംഗ് ഷോപ്പ് ഉടമയായ യുവതി തലയില്‍ ലോറിയുടെ ടയര്‍ കയറി ദാരുണമായി മരിച്ചു. അടുക്കയിലെ പരേതനായ സുരേഷിന്റെ ഭാര്യ ബിന്ദു (44) ആണ് മരിച്ചത്. മുള്ളേരിയ അടുക്കം റോഡില്‍ കാംപ്‌കോ ഓഫിസിന് സമീപം സംസ്ഥാന പാതയില്‍ ശനിയാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം നടന്നത്. രാവിലെ മുള്ളേരിയ ടൗണിലെ സുമംഗലീ ടൈലറിംഗ് ഷോപ്പിലേക്ക് സ്വന്തം സ്‌കൂട്ടറില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന മണല്‍ കയറ്റിയ ടോറസ് ലോറി സ്‌കൂട്ടറിലിടിക്കുകയായിരുന്നു. ഇടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ യുവതിയുടെ തലയിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങി. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു.
മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായ് കൊണ്ടുപോയി. അപകടം വരുത്തിവച്ച ലോറിഡ്രൈവര്‍ക്കെതിരേ ആദൂര്‍ പോലിസ് കേസെടുത്തു. ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് അടുക്കത്ത് മാതാപിതാക്കളുടെ കൂടെയാണ് ബിന്ദു താമസിച്ചുവന്നിരുന്നത്. പിന്നീട് ടൈലറിങ് ഷോപ്പ് സ്ഥാപിച്ചാണ് കഴിഞ്ഞിരുന്നത്. അടുക്കയിലെ കുഞ്ഞമ്പു -ലക്ഷ്മി ദമ്പതികളുടെ മകളാണ്. ശ്വേത, ശരത്ത്, ഹര്‍ഷിത എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: രേഖ, ബീന, ശ്രീജ.