മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

  • Post category:news
  • Reading time:2 mins read
You are currently viewing മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു. 85 വയസായിരുന്നു.
അദ്ദേഹം ഇന്നലെ രാത്രി കൊച്ചി അമൃത ഹോസ്പിറ്റലില്‍ വച്ച് മരണപ്പെട്ടു. കിഡ്‌നി സംബന്ധമായ അസുഖങ്ങള്‍ക്ക് ചികില്‍സയില്‍ ആയിരുന്നു. പതിമൂന്നാമത് കേരള നിയമസഭയിലെ സഹകരണ വകുപ്പ് മന്ത്രിയും സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ്(ഐ) നേതാക്കളിലൊരാളുമാണ് സി.എന്‍. ബാലകൃഷ്ണന്‍. പുഴയ്ക്കല്‍ ചെമ്മങ്ങാട്ട് വളപ്പില്‍ നാരായണന്റെയും പാറു അമ്മയുടെയും ആറാമത്തെ മകനായി 1936 നവംബര്‍ 18-ന് ജനനം. പുഴയ്ക്കല്‍ ഗ്രാമീണവായനശാലയുടെ ലൈബ്രേറിയനായി പൊതുരംഗത്തെത്തി. വിനോബാ ഭാവേയുടെ ഭൂദാന്‍ യജ്ഞത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ അദ്ദേഹം ഭൂദാന്‍ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 45 ദിവസം നടന്ന പദയാത്രയില്‍ പങ്കെടുത്തിട്ടുണ്ട്. കരുണാകരന്‍ സപ്തതി സ്മാരക മന്ദിരം എന്ന തൃശൂര്‍ ഡി.സി.സി ഓഫീസ്, ജില്ലാ സഹകരണ ബാങ്കിന്റെ ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍, കെ.പി.സി.സി. ആസ്ഥാന മന്ദിരം തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് നേതൃത്വം നലകിയത് ‘സി.എന്‍’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന സി.എന്‍. ബാലകൃഷ്ണനാണ്. ഖാദി – ഗ്രാമ വ്യവസായ അസോസിയേഷന്റെ പ്രസിഡണ്ടായ അദ്ദേഹം സംസ്ഥാന ഖാദി ഫെഡറേഷന്റെയും പ്രസിഡണ്ടാണ്. ഗ്രന്ഥശാല പ്രസ്ഥാനത്തിന് എഴുപതുകളില്‍ ജീവന്‍ നല്‍കിയ പുസ്തക പ്രേമിയായിരുന്നു സി.എന്‍. അതിന്റെ സ്മരണയെന്നോണം സപ്തതി മന്ദിരത്തില്‍ നല്ലൊരു ലൈബ്രറിയുണ്ട്. മില്‍മ വരും മുമ്പേ തൃശൂരില്‍ ക്ഷീരസഹകരണ സംഘം രൂപീകരിച്ച് പാക്കറ്റില്‍ പാല്‍ വിതരണം നടത്താന്‍ കാല്‍ നൂറ്റാണ്ട് മുമ്പ് ബാലകൃഷ്ണന് സാധിച്ചു. ജില്ലാ ബാങ്ക് പ്രസിഡണ്ട് ആയിരിക്കെയാണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മ്മിച്ചത്. കെ. കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നെങ്കിലും പാര്‍ട്ടി പിളര്‍ന്നപ്പോള്‍ അദ്ദേഹത്തോടൊപ്പം പോകാന്‍ സി.എന്‍. ബാലകൃഷ്ണന്‍ തയ്യാറായില്ല. തൃശൂര്‍ ഡി.സി.സി. ട്രഷററും, വൈസ് പ്രസിഡണ്ടും പ്രസിഡണ്ടുമായിരുന്ന അദ്ദേഹം ഇപ്പോള്‍ കെ.പി.സി.സി. ട്രഷററാണ്. പത്താം ക്ലാസ് പാസ്സായതിനു ശേഷം പൊതുരംഗത്തിറങ്ങിയ സി.എന്‍. തന്റേടത്തോടെ ഓരോ മേഖലയും കീഴടക്കിയത് അസാമാന്യമായ മനസാന്നിദ്ധ്യത്തോടെയായിരുന്നു. 2011-ലെ തിരഞ്ഞെടുപ്പിലാണ് സി.എന്‍. ബാലകൃഷ്ണന്‍ ആദ്യമായി സംസ്ഥാന നിയമസഭയിലേക്ക് മത്സരിച്ചത്. വടക്കാഞ്ചേരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച അദ്ദേഹം സി.പി.എമ്മിലെ എന്‍.ആര്‍. ബാലനെതിരെ 6685 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. അതേവര്‍ഷം സഹകരണവകുപ്പുമന്ത്രിയായി. പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരം എല്‍.പി. സ്‌കൂള്‍ അദ്ധ്യാപികയായിരുന്ന തങ്കമണിയാണ് ഭാര്യ. മക്കള്‍: സി.ബി. ഗീത (ഡി.സി.സി. സെക്രട്ടറിയും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും), മിനി. മരുമകന്‍: പി.എന്‍. ബല്‍റാം (ബിസിനസ്).

0Shares