കാസര്‍കോട്: മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നല്‍ക്കുന്നവര്‍ക്ക് ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ 10 ശതമാനം സംവരണം നല്‍കാനുള്ള മന്ത്രിസഭാ തീരുമാനം സവര്‍ണ വര്‍ഗീയതയെ തൃപ്തിപ്പെടുത്താനാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ആരോപിച്ചു. കാസര്‍കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചരിത്രപരമായും സാമൂഹ്യപരവുമായ കാരണങ്ങളാല്‍ പിന്നാക്കം പോയ സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്നതിന് വേണ്ടിയാണ് സംവരണം ഭരണഘടനാപരമായ അവകാശമാക്കി മാറ്റിയത്. ഭരണഘടനയുടെ താല്‍പ്പര്യത്തെ ഹനിക്കുന്നതാണ് മന്ത്രിസഭയുടെ തീരുമാനം. ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് വേണ്ടിയല്ല സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. നൂറ്റാണ്ടുകളോളം തുടര്‍ന്നുവന്നിരുന്ന ജാതി വിവേചനം മൂലവും മറ്റും അരികുവല്‍ക്കരിക്കപ്പെട്ട ജനതയെ പുരോഗതിയിലേക്ക് നയിക്കുന്നതിന് പദ്ധതികളാവിഷ്‌കരിക്കേണ്ട ഇടതുപക്ഷം വിശിഷ്യ സി.പി.എം സാമ്പത്തിക സംവരണത്തിനുവേണ്ടി നിലകൊള്ളുന്നത് പാര്‍ട്ടിയിലെ സവര്‍ണ ആധിപത്യം മൂലമാണെന്ന് അദ്ദഹേം പറഞ്ഞു.
മൂന്നു മുന്നണികളും ജനങ്ങളോട് കടുത്ത വഞ്ചനയാണ് കാട്ടുന്നത്. സംവരണത്തിലൂടെ മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാരെയും സര്‍ക്കാര്‍ കബളിപ്പിക്കുകയാണെന്നും ബി.ജെ.പി ഉള്‍പ്പെടെയുള്ള ഹിന്ദുത്വ പ്രസ്ഥാനങ്ങളുടെ നയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഈ തീരുമാനം പിന്‍വലിക്കാന്‍ മന്ത്രിസഭ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സെക്രട്ടറിപി.കെ. ഉസ്മാന്‍, ട്രഷറര്‍ ജലീല്‍ നീ ലാബറ, അംഗങ്ങളായ പി.ആര്‍.കൃഷ്ണന്‍കുട്ടി, പി.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍.യു. അബ്ദുസ്സലാം വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
